ചിറ്റാട്ടുകര: തനതായ മാലിന്യസംസ്‌കരണ പദ്ധതിയുമായി എളവള്ളി പഞ്ചായത്ത്. മാലിന്യമുക്ത ഗ്രാമം എന്നുപേരുള്ള പദ്ധതിയുടെ ഭാഗമായി ഇതിനകം 1500 ബയോഡൈജസ്റ്റർ പോട്ടുകൾ വിതരണം ചെയ്തു. ബയോഡൈജസ്റ്റർ പോട്ടിന്റെ വിതരണോദ്ഘാടനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എൻ.ബി. ജയ അദ്ധ്യക്ഷയായിരുന്നു. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, ടി.സി. മോഹനൻ, ശ്രീബിത ഷാജി, രാജി മണികണ്ഠൻ, സീമ ഷാജു, പി.എം. അബു, സെക്രട്ടറി തോമസ് രാജൻ എന്നിവർ പ്രസംഗിച്ചു.
ഒരു ബയോഡൈജസ്റ്റർ പോട്ടിന് 1390 രൂപയാണ് വില. എളവള്ളി പഞ്ചായത്ത് 90 ശതമാനം സബ്‌സിഡി നൽകുന്നത് മൂലം 139 രൂപ മാത്രമേ ഗുണഭോക്താവ് അടയ്‌ക്കേണ്ടതുള്ളൂ. രണ്ടാംഘട്ടത്തിൽ 1500 എണ്ണം വിതരണം ചെയ്യും. 3, 15 വാർഡുകളിൽ എല്ലാ വീടുകളിലും ബയോഡൈജസ്റ്റർ പോട്ടുകൾ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മാലിന്യ സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കും. ആലപ്പുഴ ബയോടെക് എന്ന സ്ഥാപനമാണ് ബയോഡൈജസ്റ്റർ പോട്ട് വിതരണം ചെയ്യുന്നത്. കണ്ടാണശ്ശേരിയിലെ കുംഭാരന്മാരെയാണ് പോട്ട് നിർമ്മിക്കുന്നതിന് ഏൽപ്പിച്ചിട്ടുള്ളത്. അടുത്ത വർഷം മുതൽ എളവള്ളി മിനി വ്യവസായ എസ്റ്റേറ്റിൽ ആരംഭിക്കുന്ന കയർ നിർമ്മാണ യൂണിറ്റിൽ നിന്നും ഇനാക്കുലം നിർമ്മിച്ച് നൽകാനാവും.

മാലിന്യ സംസ്‌കരണം ഈവിധം
ജൈവമാലിന്യങ്ങളായ ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി മാലിന്യങ്ങൾ, പഴത്തൊലി തുടങ്ങിയവ ബയോഡൈജസ്റ്റർ പോട്ടിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെയ്ക്കാവുന്ന 3 പോട്ടുകൾ ചേർന്നതാണ് ഒരു യൂണിറ്റ്. പുറത്തേക്ക് ഇട്ടാൽ ചീഞ്ഞുനാറുന്ന എന്തും ഇതിനുള്ളിൽ നിക്ഷേപിക്കാം. ഓരോ പ്രാവശ്യവും മാലിന്യം നിക്ഷേപിക്കുമ്പോൾ ഒപ്പം ഇനാക്കുലം കൊണ്ട് മൂടണം. മുകളിലെ പോട്ട് നിറഞ്ഞു കഴിഞ്ഞാൽ അതുതാഴെ വച്ച് മറ്റു പോട്ടുകൾ മാറിമാറി മുകളിൽ വയ്ക്കണം. മൂന്നു പോട്ടുകളും നിറഞ്ഞു കഴിയുമ്പോൾ ആദ്യ പോട്ടിലെ മാലിന്യം വളമായി മാറിയിട്ടുണ്ടാകും.