 
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൗരാണികവും ചരിത്ര പ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ നിലപാട് തറയിലെ ദൈവിക ചൈതന്യമുണ്ടെന്ന് വിശ്വസികുന്ന ആൽമരം മുറിച്ചു മാറ്റി.
കാലപ്പഴക്കം മൂലം ഉണ്ടാകാൻ ഇടയുള്ള അപകടം ഒഴിവാക്കാനാണ് ആൽമര മുത്തശ്ശിയെ താന്ത്രികമായ ചടങ്ങുകളേടെ വെള്ളിയാഴ്ച മുറിച്ചു മാറ്റിയത്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് നടക്കുന്ന കാവുതീണ്ടലിന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ഉപവിഷ്ഠനാകുന്നതും കോയ്മ പട്ടുകുട ഉയർത്തുന്നതും ഈ നിലപാട് തറയിലാണ്.
ഇന്നലെ രാവിലെ ക്ഷേത്രത്തിലെ പന്തീരടി പൂജ കഴിഞ്ഞ് അനുജ്ഞ വാങ്ങി, കിഴക്കെ നടയിലെ നിലപാടുതറയിലെ ആൽമരചുവട്ടിൽ ഇരുന്ന് വിഷ്ണുവിന് പൂജ കഴിച്ച്, അവസാന ഘട്ടത്തിൽ ആൽമരത്തിൽ നിന്നും സകല ചൈതന്യങ്ങളെയും ഉധ്യസിച്ച് സ്വർണത്തിൽ നിന്നും സൂര്യമണ്ഡലത്തിലേക്ക് ലയിപ്പിച്ചു. തുടർന്ന് കിഴക്കെ നടയിൽ നടപ്പുരയിൽ ആലിനെ പ്രതീകാത്മാകമായി സംസ്‌കരിച്ചു. താമരശ്ശേരി മേയ്ക്കാട്ട് മനയിൽ ശ്രീജിത്ത് നമ്പൂതിരിപ്പാട്, കിഴക്കിനി മേയ്ക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ താന്ത്രിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മെമ്പർ എം.ജി. നാരായൺ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ എം.ആർ. മിനി എന്നിവർ പങ്കെടുത്തു.