 
ചാലക്കുടി: വെട്ടുകടവ്-മേലൂർ റോഡിന്റെ നവീകരണം നഗരസഭയുടെ ഒരു പ്രദേശത്ത് കുടിവെള്ള വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്ക. വെട്ടുകടവ്, ആറാട്ടുകടവ്, പവർ ഹൗസ് വാർഡുകളിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളുടെ കാര്യത്തിലെ അനിശ്ചിതാവസ്ഥയാണ് അങ്കലാപ്പുണ്ടാക്കുന്നത്. ബി.എം.ബി.സി ടാറിംഗ് നടക്കുമ്പോൾ നിലവിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് നടപടിയുണ്ടായിട്ടില്ല. അഞ്ചര മീറ്റർ വീതിയിലാണ് ടാറിംഗ് നടക്കുന്നത്. പഴയ വീതി കുറഞ്ഞ റോഡിന്റെ ഓരത്ത് മണ്ണിനടിയിൽ കിടക്കുന്ന പൈപ്പുകളാകട്ടെ കാലപ്പഴക്കത്താൽ ദ്രവിച്ചവയുമാണ്. പതിനഞ്ച് വർഷം പഴക്കമുള്ള എ.സി. പൈപ്പുകൾ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശമുള്ളപ്പോഴാണ് ചാലക്കുടി ജലസേചന പദ്ധതി നിലവിൽ വന്ന നാലു പതിറ്റാണ്ട് മുൻപുള്ള ഇത്തരം പൈപ്പുകളെ ഇപ്പോഴും മണ്ണിനടിയിൽ കിടക്കുന്നത്. കാലാവധിയുടെ പതിന്മടങ്ങ് പിന്നിട്ട പൈപ്പുകളിലെ ജലവിതരണം കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുള്ളപ്പോഴും ഫണ്ടില്ല എന്ന പേരിൽ ജല അതോറിറ്റി ഇതെല്ലാം മറന്നുകളയുന്നു. ചാലക്കുടി മാർക്കറ്റ് മുതൽ വെട്ടുകടവ് പാലം വരെയുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയായാൽ ഗുരുതര പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഇവിടുത്തെ പൈപ്പ് ലൈനുകൾ ആധുനിക രീതിയിൽ മാറ്റി സ്ഥാപിക്കണമെന്ന് എം.എൽ.എ, നഗരസഭ ഭരണസമിതി, ജല അതോറിറ്റി എന്നിവയോടെ പൗരസമിതി ആവശ്യപ്പെട്ടിരുന്നു. ഇതു പരിഹരിക്കാതെയാണ് നവീകരണം ആരംഭിച്ചത്. നിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ പഴയ പൈപ്പുകൾ പൊട്ടുകയും ചെയ്തു. പൊടി ശല്യവും ഇവിടെ രൂക്ഷമായിക്കഴിഞ്ഞു.
അടിക്കടി തകരാറുണ്ടാകുന്ന പൈപ്പുകൾ അറ്റകുറ്റപണികൾ നടത്താൻ കോടികൾ ചിലവഴിച്ച് നവീകരിച്ച റോഡ് ആവശ്യാനുസരണം പൊളിക്കേണ്ട ദുരവസ്ഥയുണ്ടാകും.
പോൾ. ടി. കുരിയൻ
(വെട്ടുകടവ് പൗരസമിതി പ്രസിഡന്റ്)