കാരമുക്ക്: ശിവരാത്രിയോട് അനുബന്ധിച്ച് കാരമുക്ക് ഏമൂർ ശിവപാർവതി ക്ഷേത്രം നൽകി വരുന്ന ശ്രീരുദ്രം പുരസ്‌കാരത്തിന് ചാക്യാർകൂത്ത് കലാകാരൻ കലാപീഠം ഹരീഷ് പശുപതി അർഹനായി. 27ന് വൈകിട്ട് 6.30ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ജി.യു.പി.എസ് അരിമ്പൂർ സ്‌കൂളിൽ ചിത്രകലാ അദ്ധ്യാപകനായിരുന്ന ചേറ്റുപുഴ മാനമ്പിളളി മനയിൽ പശുപതി മാഷിന്റെയും സുഷമയുടെയും മകനായ ഹരീഷ്, ഗുരു പൈങ്കുളം നാരായണച്ചാക്യാരുടെ ശിഷ്യനാണ്. കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം വേദികളിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപകൻ, നാടക അഭിനേതാവ്, ശ്രീ തൃശൂർ നിലയം കലാകാരൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പുഴക്കൽ ബി.ആർ.സിയിൽ ക്ലസ്റ്റർ കോ- ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. ഭാര്യ: മിത്ര. മകൾ: ദുർഗ.