തൃപ്രയാർ: കുടിവെള്ളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. യു.ഡി.എഫ് അംഗം ബിന്ദു പ്രദീപാണ് ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ സമരം നടത്തിയത്.

നാട്ടിക പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായതിനെ തുടർന്ന് 40 ദിവസം മുമ്പ് ഭരണസമിതി യോഗം ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യാൻ തീരുമാനമെടുത്തിരുന്നു. നാളിതുവരെയായിട്ടും കുടിവെള്ള വിതരണം നടന്നില്ല. ഏഴ് വാർഡിൽ അഞ്ച് ദിവസമായി കുടിവെള്ളം പൂർണമായി മുടങ്ങിയിരിക്കുകയാണ്. പഞ്ചായത്ത് കുടിവെള്ളം എത്തിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഏഴാം വാർഡ് അംഗം കൂടിയായ ബിന്ദു പ്രദീപ് രാവിലെ മുതൽ സമരം നടത്തിയത്. സമരം ഉച്ചക്ക് ശേഷവും തുടർന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ടാങ്കർ കുടിവെള്ളവിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതിനെതുടർന്ന് സമരം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.