തൃശൂർ: കോഴിത്തീറ്റ വില വർദ്ധനവിനെ തുടർന്ന് നഷ്ടത്തിലായ ഫാമുകൾ പൂട്ടി, കോഴിലഭ്യത കുറഞ്ഞതോടെ കോഴി വില മേലോട്ട്.
ഒരു മാസത്തിനിടെ 50 രൂപയാണ് കൂടിയത്. കിലോയ്ക്ക് 150 ഉം ഇറച്ചിക്ക് 230 ഉം ആണ് ശരാശരി വില. പ്രാദേശിക വ്യത്യാസമനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. ഇനിയും വില വർദ്ധിക്കുമെന്നാണ് തമിഴ്നാട്ടിലെ വ്യാപാരികളിൽ നിന്ന് ലഭിക്കുമെന്ന വിവരം.
കൂടിക്കൊണ്ടിരിക്കുന്ന കോഴിത്തീറ്റവില, വ്യവസായത്തിന് ഭീഷണിയാണെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ കോഴിത്തീറ്റയാണ് സംസ്ഥാനത്തെ ഭൂരിഭാഗം കോഴിക്കർഷകരും ഉപയോഗിക്കുന്നത്. പൂട്ടിയവയിൽ തമിഴ്നാട്ടിലെയും മലബാർ മേഖലയിലെയും ചെറുഫാമും പെടും. വളർത്തുകൂലി വാങ്ങി കോഴികളെ പരിപാലിക്കുന്നവരും രംഗത്തു നിന്ന് പിന്മാറി.
അനുബന്ധച്ചെലവും കൂടുന്നു
കോഴിത്തീറ്റ വില ആറ് മാസത്തിനിടയ്ക്ക് ചാക്കിന് 1300ൽ നിന്ന് 2,250 വരെയായി. ഇടയ്ക്ക് 1,900 ആയെങ്കിലും വീണ്ടും കൂടി. വിരിയിച്ചെടുക്കാനുള്ള മുട്ട, കോഴിക്കുഞ്ഞ് എന്നിവയുടെ വിലയും വർദ്ധിച്ചു. 16-20 രൂപ വരെയായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 35 രൂപയാണ്. കോഴിത്തീറ്റ ഉണ്ടാക്കാനുള്ള ചോളം, സോയാബീൻ തുടങ്ങിയവയുടെ വില വർദ്ധനവാണ് വില കൂടാൻ കാരണം. കൊവിഡും പ്രതികൂല കാലാവസ്ഥയും കാരണം ഇവയുടെ കൃഷിയിലുണ്ടായ മാന്ദ്യവും ദൗർലഭ്യവും പ്രതിസന്ധി സൃഷ്ടിച്ചതായും അവർ പറയുന്നു.
കൂടിയ മറ്റിനങ്ങൾ
ഗതാഗതച്ചെലവ്, ചില്ലറ വിൽപ്പനക്കാരുടെ ലാഭവിഹിതം, അവശിഷ്ടങ്ങൾ മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന തുക, ജീവനക്കാരുടെ പ്രതിഫലം, വൈദ്യുതി നിരക്ക്.
എല്ലാ കമ്പനികളുടെ തീറ്റയ്ക്കും വില കൂടി. നിരവധി കർഷകർ കടം കയറി വ്യവസായം വിട്ടു. കോഴിവില ഉടനെ കുറയാൻ സാദ്ധ്യതയില്ല.
മയ്തീൻ പിച്ച റാവുത്തർ
സംസ്ഥാന പ്രസിഡന്റ്
പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ.