kochi

തൃശൂർ: മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള പഴയന്നൂർ കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിനായുള്ള പഠനവും സമഗ്ര റിപ്പോർട്ടും പൈതൃക സംരക്ഷണ കൂട്ടായ്മയായ ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി.
17ാം നൂറ്റാണ്ടിൽ പണിതുവെന്ന് കരുതുന്ന പഴയന്നൂർ കൊട്ടാരം പഴയന്നൂർ ക്ഷേത്രത്തിനടുത്താണ്. കൊച്ചി രാജകുടുംബത്തിന്റെ ആദ്യത്തേതും ഏറ്റവും പഴക്കം ചെന്നതുമായ നിർമ്മിതിയാണ്. കൊച്ചി രാജകുടുംബത്തിന്റെ പരദേവതയായ പഴയന്നൂർ ഭഗവതിയുടെ ദർശനത്തിന് വരുമ്പോൾ രാജകുടുംബാംഗങ്ങൾ ഇവിടെയാണ് താമസിച്ചിരുന്നത്. പെരുമ്പടപ്പ് സ്വരൂപമെന്നാണ് കൊച്ചി രാജകുടുംബം അറിയപ്പെട്ടിരുന്നത്. പൊന്നാനിക്കടുത്ത് പെരുമ്പടപ്പ് വന്നേരിയിലായിരുന്ന ഈ രാജകുടുംബം അവിടെ നിന്നും മാറേണ്ടിവന്നപ്പോൾ പഴയന്നൂരിലെ ഈ കൊട്ടാരത്തിലേക്കാണ് മാറിയത്. ഇപ്പോൾ കൊട്ടാരം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ്. ശോചനീയമായ അവസ്ഥയിലായിരുന്ന കൊട്ടാരത്തിന്റെ അടിയന്തര അറ്റകുറ്റപണികൾ ട്രസ്റ്റ് ചെയ്തിട്ടുണ്ട്. കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാറിനാണ് റിപ്പോർട്ട് കൈമാറിയത്. മെമ്പർമാരായ എം.ജി.നാരായണൻ, വി.കെ.അയ്യപ്പൻ, ദേവസ്വം കമ്മിഷണർ എൻ.ജ്യോതി, ട്രസ്റ്റ് കൺവീനർ എം.എം.വിനോദ്കുമാർ, മുൻ കൺവീനർ എം.പി.സുരേന്ദ്രൻ, കൊച്ചി രാജകുടുംബത്തെ പ്രതിനിധീകരിച്ച് ഡോ: കൊച്ചവർമ്മ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണപിള്ള, പഴയന്നൂർ ദേവസ്വം ഓഫീസർ പി.ബി.ബിജു തുടങ്ങിയവർ പങ്കെടുത്തു.