sachidanandan

തൃശൂർ: സാഹിത്യ അക്കാഡമിയുടെ പുതിയ പ്രസിഡന്റ് പ്രശസ്ത കവിയും നിരൂപകനുമായ കെ.സച്ചിദാനന്ദൻ അടക്കമുള്ള ഭാരവാഹികൾ മാർച്ച് ഒമ്പതിന് ചുമതലയേൽക്കും. കഥാകൃത്ത് അശോകൻ ചരുവിൽ (വൈസ് പ്രസിഡന്റ്), ദേശാഭിമാനി വാരികയുടെ എഡിറ്ററും എഴുത്തുകാരനുമായ പ്രൊഫ.സി.പി.അബൂബക്കർ (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.

പത്ത് വർഷക്കാലം കേന്ദ്രസാഹിത്യ അക്കാഡമി സെക്രട്ടറിയായിരുന്ന സച്ചിദാനന്ദൻ തൃശൂർ പുല്ലൂറ്റ് സ്വദേശിയാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 25 വർഷക്കാലം കോളേജ് അദ്ധ്യാപകനായിരുന്ന സച്ചിദാനന്ദൻ കേന്ദ്രസാഹിത്യ അക്കാഡമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ പത്രാധിപരായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അദ്ധ്യാപകൻ, ഇഗ്‌നോയിൽ പരിഭാഷാ വകുപ്പ് പ്രൊഫസർ, ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അശോകൻ ചരുവിൽ. പി.എസ്.സി അംഗമായിരുന്നു. സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ചിന്ത പബ്‌ളിഷേഴ്‌സ് ചീഫ് എഡിറ്ററായിരുന്നു സി.പി.അബൂബക്കർ. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗമാണ്.