
തൃശൂർ: വാഹനം കിട്ടാതെ 40 കിലോമീറ്ററോളം നടന്നും കൊടുംതണുപ്പിൽ വഴിയിൽ കിടന്ന് നേരം വെളുപ്പിച്ചുമാണ് യുദ്ധഭൂമിയിൽ യുക്രെയ്‌നിലെ മലയാളി വിദ്യാർത്ഥികൾ കഴിയുന്നതെന്ന് പറയുമ്പോൾ കണ്ണാറ സ്വദേശി ജോഫി ജോസഫിന് വാക്കുകൾ മുറിഞ്ഞു. യുക്രെയിനിൽ കുടുങ്ങികിടക്കുന്ന കാതറിനയുടെ പിതാവാണ് ജോഫി. സഹോദരിയെ ഒന്നു തിരിച്ചെത്തിക്കാൻ എല്ലാവരോടും കേണപേക്ഷിക്കുകയാണെന്ന് പറഞ്ഞ് ക്രിസ്റ്റീനയും കണ്ണീർവാർത്തു.
വാർത്തകളിൽ കാണുന്നതല്ല യഥാർത്ഥത്തിൽ നടക്കുന്നതെന്നാണ് ജോഫി പറയുന്നത്. രക്ഷാദൗത്യങ്ങളൊന്നും ഫലം കാണാത്ത സ്ഥിതിയാണ്. ഭക്ഷണമില്ല, വെള്ളമില്ല, താമസിക്കാനിടമില്ല... കൃത്യമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. വാട്‌സ് ആപ്പിൽ ഒരു സന്ദേശം അയച്ചാൽ പോലും മണിക്കൂറുകൾ കഴിഞ്ഞാണ് അത് ലഭിക്കുന്നത്. ആശയവിനിയമ സംവിധാനങ്ങളെല്ലാം തകർന്നിരിക്കുകയാണ്. നിരവധി വിദ്യാർത്ഥികൾ അവശരാണ്. പലർക്കും പല രോഗങ്ങളുമുണ്ട്. കൊടുംതണുപ്പ് സഹിക്കാനാവാതെ അവർ വഴിയിൽ കിടക്കേണ്ട നിലയിലാണ്. ലഭിക്കുന്ന സന്ദേശം പലപ്പോഴും വ്യാജമാണ്.
നന്തിക്കര സ്വദേശിയായ വിദ്യാർത്ഥി ഡിൽജോയുടെ പിതാവ് ജയ്‌മോൻ ജോസഫിനും പറയാനുള്ളത് ഇതെല്ലാം തന്നെ. ഇന്ത്യൻ എംബസിയുടെ നിർദേശം അനുസരിച്ച് പോളണ്ടിലേക്ക് കാൽനടയായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് ഇരുപതോളം വിദ്യാർത്ഥികൾ റവറസ അതിർത്തിയിൽ എത്തിയപ്പോഴാണ് മറ്റൊരു അതിർത്തിയായ ഷഹനായിയിലേക്കാണ് പോകേണ്ടതെന്ന് എംബസി ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്ന് തിരിച്ച് ഇവർ നടക്കുമ്പോഴാണ് വീണ്ടും എംബസി ഉദ്യോഗസ്ഥരുടെ സന്ദേശമെത്തുന്നത്. അതിർത്തിയിലേക്ക് എത്തേണ്ടതില്ലെന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് തന്നെ താമസിക്കാനും പറയുന്നത്. അങ്ങനെ ആശയക്കുഴപ്പങ്ങളാണ് എങ്ങും.
വെടിയൊച്ചകൾ നിലയ്ക്കുന്നില്ല
വ്യാഴാഴ്ച കൊടുമ്പിരി കൊണ്ട യുദ്ധം കേൾക്കുന്ന വാർത്തകളേക്കാൾ ഭയാനകമായ നിലയിലാണെന്നാണ് വിദ്യാർത്ഥികൾക്ക് വീടുകളിലേക്ക് നൽകുന്ന സന്ദേശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. റഷ്യൻ സേന 95 ശതമാനവും കൈയടക്കിയെന്നാണ് അവർ നൽകുന്ന വിവരം. സുമി നാഷണൽ അഗ്രേറിയൻ സർവകലാശാലയ്ക്ക് സമീപവും യുദ്ധമെത്തിയതായി അവിടെ വെറ്ററിനറി മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥികൾ പറയുന്നു. സർവകലാശാലയുടെ അകലെയല്ലാതെ യുക്രെയ്ൻ സൈന്യത്തിന്റെ മിലിട്ടറി ക്യാമ്പിലാണ് റഷ്യൻ സേന ആദ്യം ലക്ഷ്യമിട്ടതെന്ന് പറയുന്നു. അവിടെ പഠിക്കുന്ന എട്ട് ഇന്ത്യക്കാരിൽ നാലുപേർ മലയാളികളാണ്. ഇന്ത്യക്കാർ കുറവായതിനാൽ ഇവിടെ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും പരാതികളുയർന്നു. ദേശീയപതാക നിലത്ത് വരച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും അവർ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. ബങ്കറിലാണ് വിദ്യാർത്ഥികൾ കഴിയുന്നത്.
വീട്ടിലെത്തിയതിന്റെ ആശ്വാസം....
യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ നിന്നെത്തിയ തൃശൂർ സ്വദേശി ആഷിക്കിന് ആശ്വാസം പറഞ്ഞറിയിക്കാനാവുന്നില്ല. യുക്രെയ്‌നിലെ സുമി സ്റ്റേറ്റ് സർവകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ ബിരുദ വിദ്യാർത്ഥിയായ ആഷിക്ക് ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്താണ് നാട്ടിലെത്തിയത്. പരീക്ഷയുടെ ഫലത്തിനായി കാത്തുനിൽക്കാതെ ക്ലാസുകൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിറ്റേദിവസത്തേക്ക് ടിക്കറ്റെടുത്ത സുഹൃത്തുക്കൾ പോലും അവിടെ കുടുങ്ങി. അതിർത്തിയിൽ ഷെൽ ആക്രമണമുണ്ടെന്ന വാർത്തയും ഞെട്ടിക്കുന്നു.