തൃപ്രയാർ: വേദവ്യാസനിലൂടെ പ്രവഹിച്ച വിജ്ഞാനം പ്രചരിപ്പിക്കുക എന്നതായിരുന്നു തൃപ്രയാർ ശിവയോഗിനി അമ്മയുടെ ദൗത്യമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജീവ് ഇരിങ്ങാലക്കുട. ശിവയോഗിനി അമ്മയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് 'ഭാരതത്തിലെ ഗുരു പാരമ്പര്യത്തിന്റെ നാൾവഴികളിലൂടെ ' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിക ബീച്ച് നാഗയക്ഷി ക്ഷേത്രത്തിൽ നിന്നും ശിവയോഗിനി അമ്മയുടെ പാദുകങ്ങൾ വഹിച്ചുകൊണ്ട് ആരംഭിച്ച രഥയാത്ര കൊടിയമ്പുഴ ക്ഷേത്രസന്നിധിയിൽ സമാപിച്ചു. വലപ്പാട് ബീച്ചിൽ അമ്മ സ്ഥാപിച്ച കൊടിയമ്പുഴ ക്ഷേത്രത്തിന്റെ ആദ്യകാല പ്രവർത്തകരിലൊരാളായ ഭാസ്‌കരനെ ചടങ്ങിൽ ആദരിച്ചു. കൊടിയമ്പുഴ ദേവസ്വം പ്രസിഡന്റ് പി.ആർ. നാരായണൻ, രക്ഷാധികാരി കെ.കെ. പീതാമ്പരൻ, വൈസ് പ്രസിഡന്റ് മുരളി, സി.ആർ. വേലായുധൻ, സി.വി. മാളവിക, വി.ജി. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.