 
ചാലക്കുടി: വന്യജീവി ആക്രമണത്തെക്കുറിച്ച് ചാലക്കുടി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായുള്ള വനം മന്ത്രിയുടെ മറുപടി ജനത്തിന് വേദനയുണ്ടാക്കിയെന്നും ഇതേക്കുറിച്ച് മറിച്ചൊന്നും പറയാതിരുന്ന സ്ഥലം എം.എൽ.എയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കർഷകരേയും നിവാസികളേയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ജെ.ഡി ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്രമണമുണ്ടായ സ്ഥലങ്ങളെല്ലാം വനമേഖലകളാണെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. പുലി വീട്ടുമുറ്റത്ത് പ്രസവിച്ചതും പ്ലാന്റേഷൻ തൊഴിലാളികളെ ആനകൾ കൊലപ്പെടുത്തിയും മനുഷ്യർ അതിർത്തി ലംഘിച്ചതുകാരണമല്ലെന്ന് യൂജിൻ മൊറേലി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ്.വി.ഐനിക്കൽ അദ്ധ്യക്ഷനായി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, സംസ്ഥാന കൗൺസിൽ അംഗം കെ.സി. വർഗീസ്, ജോസ് പൈനാടത്ത്, ജോയി വടക്കുംപാടൻ, ഡേവീസ് വില്ലടത്തുക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിയാരം കുരിശ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് റേഞ്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.