u

തിരുവനന്തപുരം /തൃശൂർ: ' ശരീരമാകെ തണുത്ത് വിറയ്ക്കുന്നു. നാല്പതു കിലോമീറ്റർ നടന്ന് തളർന്നു. സ്കൂൾ വരാന്തയിൽ ഒരു സുരക്ഷയുമില്ലാതെ മണിക്കൂറുകൾ തള്ളി നീക്കുകയാണ് ഞങ്ങൾ..." യുക്രെയിനിൽ നിന്ന് ഇന്ത്യയിലെത്താൻ പെടാപ്പാട് പെടുന്ന മെഡിക്കൽ വിദ്യാർത്ഥി സംഘത്തിൽപ്പെട്ട തൃശൂർ സ്വദേശി കാതറിന്റെ വാക്കുകളാണിത്.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ വിമാനങ്ങൾ അയയ്ക്കുന്നുണ്ടെങ്കിലും വിവിധ പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ് മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവർ. നാലുപാടും വീശിയടിക്കുന്ന യുദ്ധാന്തരീക്ഷവും പൂജ്യത്തിനും താഴേക്കെത്തുന്ന തണുപ്പും വിദ്യാർത്ഥികളെ വലയ്ക്കുന്നു.

അതിർത്തിയിലെത്താൻ ഇറങ്ങിത്തിരിച്ച പലരും കൊടുംതണുപ്പിൽ നരകിക്കുകയാണ്. തിരിച്ചുപോകാനും മുന്നോട്ടു പോകാനും കഴിയാത്ത അവസ്ഥ. പെൺകുട്ടികൾ അടക്കമുള്ളവരുടെ നിസഹായാവസ്ഥ മനസിലാക്കാതെയാണ് ഇന്ത്യൻ എംബസി നിർദ്ദേശങ്ങൾ നൽകുന്നതെന്ന ആക്ഷേപവുമുണ്ട്. മക്കളുടെ കാര്യമോർത്ത് ഉറക്കം പോലുമില്ലാതെ ദിവസങ്ങൾ തള്ളിനീക്കുകയാണ് നാട്ടിൽ രക്ഷിതാക്കൾ.

പോളണ്ടിലെത്താൻ കാൽനടയായി 40 കിലോമീറ്ററോളം യാത്ര ചെയ്ത് റവറസ അതിർത്തിയിൽ എത്തിയപ്പോഴാണ് വിദ്യാർത്ഥികളോട് മറ്റൊരു അതിർത്തിയായ ഷഹനായിയിലേക്കാണ് പോകേണ്ടതെന്ന് എംബസി ഉദ്യോഗസ്ഥർ പറയുന്നത്. തിരിച്ച് നടക്കുമ്പോഴാണ്

നിൽക്കുന്ന സ്ഥലത്ത് താമസിക്കാൻ നിർദ്ദേശം നൽകിയത്. എംബസി കുട്ടികളെ വട്ടംകറക്കുകയാണെന്ന് കാതറിന്റെ പിതാവ് കണ്ണാറ സ്വദേശി ജോഫി ജോസഫും സഹോദരി ക്രിസ്റ്റീനയും പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷണവും വെള്ളവും മരുന്നും കിട്ടുന്നില്ലെന്ന് നന്തിക്കര സ്വദേശിയായ വിദ്യാർത്ഥി ഡിൽജോയുടെ പിതാവ് ജയ്‌മോൻ ജോസഫ് പരാതിപ്പെട്ടു.
വെള്ളമോ വെളിച്ചമോ ഇല്ല. കരുതിവച്ചിരുന്ന ഭക്ഷണവും അടുത്ത ദിവസം തീരും. കുട്ടികളെ പ്രത്യേക വാഹനം അയച്ച് രക്ഷപെടുത്തണം. ഇല്ലെങ്കിൽ മക്കളുടെ ജീവൻ അപകടത്തിലാകും. പലരും രോഗബാധിതരായി.
പാലക്കാട് ജില്ലയിലെ മുപ്പതോളം വിദ്യാർത്ഥികൾ തങ്ങളുടെ നിസഹായവസ്ഥ വീട്ടുകാരെ അറിയിച്ച് സർക്കാരിന്റെ സഹായം തേടി. അടുത്ത പ്രദേശങ്ങളിൽ അടിക്കടിയുണ്ടാവുന്ന സ്ഫോടനങ്ങളുടെ നടുക്കത്തിലാണവർ. രക്ഷാപ്രവർത്തനം സംബന്ധിച്ച പല വാർത്തകളും സത്യമല്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

`ഹംഗറി അതിർത്തിയിലേക്ക് 820 കിലോമീറ്റർ യാത്രചെയ്യണം. 15 മണിക്കൂർ വേണ്ടിവരും.

വഴിയിൽ ആക്രമണം ഭയന്ന് യാത്ര ഉപേക്ഷിച്ചു. ഞങ്ങൾ അമ്പതോളം മലയാളി വിദ്യാർത്ഥികൾ പോൾട്ടാവയിലെ ഫ്ളാറ്റിൽ കഴിയുകയാണ്.`

-വലിയതുറ സ്വദേശി ജെന്നിഫർ,

മെഡി.വിദ്യാർത്ഥിനി