ചാലക്കുടി: നോർത്ത് ചാലക്കുടി ഏഴാം വാർഡിൽ നിർമ്മിക്കുന്ന ഹൈടെക് അങ്കണവാടി, വയോജന മന്ദിരം എന്നിവയുടെ ശിലാസ്ഥാപനം ഇന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭയ്ക്ക് സൗജന്യമായി ലഭിച്ച 7 സെന്റ് ഭൂമിയിലാണ് നിർമ്മാണം നടക്കുക. ഏഴാം വാർഡിലെ വികസന സമിതിയുടെ നേതൃത്വത്തിലാണ് സുമനസുകളെ കണ്ടെത്തി ഭൂമി നഗരസഭയ്ക്ക് വാങ്ങി നൽകിയത്. 21 സെന്റ് സ്ഥലമാണ് വിവിധ പദ്ധതികൾക്കായി വികസന സമിതി കണ്ടെത്തിയത്. മിനി ഹാൾ, കുടുംബശ്രീ തൊഴിൽ കേന്ദ്രം എന്നീ പദ്ധതികളും ഒരുക്കലാണ് ലക്ഷ്യം. വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹ്‌നാൻ എം.പി, സിനി ആർട്ടിസ്റ്റ് ശ്രീരേഖ എന്നിവർ മുഖ്യാതിഥികളാവും. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന നാടൻപാട്ട് കലാപരിപാടിയും നടക്കും. വൈസ് ചെയർ പേഴ്‌സൺ സിന്ധുലോജൂ, ഷിബു വാലപ്പൻ, അഡ്വ.ബിജു.എസ്.ചിറയത്ത്, കെ.വി. പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.