നടത്തറ: നടത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിര നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കണമെന്നും ഓരോ മാസവും നിർമ്മാണ പുരോഗതി വിലയിരുത്തി മുന്നോട്ടുപോകണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് നിലനിൽക്കാനാകില്ലെന്നും വ്യവസായം വരണമെങ്കിൽ നിരക്ക് കുറച്ച് വൈദ്യുതി നൽകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. പകൽ വൈദ്യുതി നിരക്ക് കുറയ്ക്കുകയും രാത്രി കൂട്ടുകയും ചെയ്യുന്ന രീതിയാണ് ആലോചനയിലുള്ളത്. പൂച്ചട്ടി റീജിയണൽ പവർ ട്രെയ്‌നിംഗ് ഇൻസ്റ്റിറ്റിയൂട്ട് അങ്കണത്തിൽ നടന്ന നിർമ്മാണോദ്ഘാടന പരിപാടിയിൽ റവന്യൂമന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.
നടത്തറ, പുത്തൂർ പഞ്ചായത്തുകളിലെ 20,000 ത്തിൽപരം ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനാണ് തൃശൂർ ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ തൃശൂർ ഈസ്റ്റ് ഇലക്ട്രിക്കൽ ഡിവിഷന് കീഴിൽ നടത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് നിർമ്മിക്കുന്നത്. നിലവിൽ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിൽ ആർ.പി.ടി.ഐ തൃശൂരിനോട് ചേർന്ന് നിൽക്കുന്ന ഭൂമിയിലെ താത്ക്കാലിക കെട്ടിടത്തിലാണ് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. ഈ സ്ഥലത്തുതന്നെ രണ്ട് നിലകളിലായി 217 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സെക്ഷൻ ഓഫീസ് മന്ദിരം പണികഴിപ്പിക്കുന്നതിനാണ് 85 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ടെൻഡർ പൂർത്തിയാക്കി വർക്ക് ഓർഡർ നൽകിയത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ മേഖലയിലെ പ്രവർത്തന മികവിനുള്ള മൊമെന്റോകൾ വൈദ്യുതിമന്ത്രിയും റവന്യൂ മന്ത്രിയും വിതരണം ചെയ്തു. തൃശൂർ ഈസ്റ്റ് ഡിവിഷന് വേണ്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ. ബൈജു, തൃശൂർ ഇലക്ട്രിക്കൽ സർക്കിളിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.എ. പ്രവീൺ എന്നിവർ മൊമന്റോകൾ ഏറ്റുവാങ്ങി.