
തൃശൂർ: രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ തുടങ്ങിയവരുടെ സന്ദർശനത്തിന്റെ ഭാഗമായുളള വി.വി.ഐ.പി സുരക്ഷാ പരിശോധനാ സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന, കേരള പൊലീസ് അക്കാഡമി ഡോഗ് സ്‌ക്വാഡ് സെന്ററിലെ 'ഹണി' വിടവാങ്ങി.
പത്ത് വർഷക്കാലത്തെ സർവീസിന് ശേഷം, വിരമിച്ച പൊലീസ് ഡോഗുകളെ പാർപ്പിക്കുന്ന റിട്ടയർമെന്റ് സെന്ററായ വിശ്രാന്തിയിലായിരുന്നു ഹണി ഇന്നലെ രാവിലെ അവസാന സല്യൂട്ട് ഏറ്റുവാങ്ങിയത്. ബ്യൂഗിൾ മുഴക്കിയ ശേഷം ട്രെയിനിംഗ് ഐ.ജി.സേതുരാമൻ സല്യൂട്ട് നൽകി ഹണിക്ക് അന്ത്യോപചാരമർപ്പിച്ചു. പുഷ്പാർച്ചനയും, റീത്തും സമർപ്പിച്ചു.
പ്രത്യേക കല്ലറയും, ബലികുടീരവും ഹണിക്കായി സജ്ജമാക്കിയിരുന്നു. സംസ്ഥാനത്തെ ഏക ഡോഗ് പരിശീലന കേന്ദ്രമായ കേരള പൊലീസ് അക്കാഡമിയിൽ പരിശീലനത്തിനെത്തുന്ന മുഴുവൻ ഡോഗുകൾക്കും മാതൃകയും, വഴികാട്ടിയുമായി നിറസാന്നിദ്ധ്യമായ ഹണി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സെന്ററിലെ കണ്ണിലുണ്ണിയായിരുന്നു. 2012ലാണ് സേനയുടെ ഭാഗമായി ഹണിയെത്തിയത്. തൃശൂരിലെ പ്രമുഖ സ്വകാര്യ കെന്നലിൽ നിന്നാണ് രണ്ട് ലാബ്രഡോർ ഇനത്തിലുള്ള പട്ടികളെ കേരള പൊലീസിനായി വാങ്ങിയത്.
അതിലൊന്നാണ് ഹണി. നല്ലയിനം ബ്രീഡുകളിൽ ഇണചേർത്തതിനെ തുടർന്ന് ഒറ്റ പ്രസവത്തിൽ ഏഴ് ഡോഗുകളെയാണ് ഹണി നൽകിയത്. ഹണിയുടെ മക്കളായ ഫ്രിഡ, ലൈക്ക, ഡെൽമ, ബെറ്റി, മാർക്കോ, ഹെക്ടർ, ഡോൺ എന്നിവർ ഡോഗ് സ്‌ക്വാഡ് അംഗങ്ങളായി വിവിധ ജില്ലകളിൽ നാർക്കോട്ടിക് ഡിറ്റക്ഷൻ രംഗത്ത് കഴിവുതെളിയിച്ചു. ഹണിയുടെ സഹോദരി ജൂലി ഇപ്പോഴും പാലക്കാട് കെ.നയൻ സ്‌ക്വാഡ് അംഗമായി പ്രവർത്തിക്കുന്നു.
ലഭ്യമായ ആധുനിക ഉപകരണങ്ങളേക്കാൾ കൂടുതൽ കൃത്യമായി, പരിശീലനം സിദ്ധിച്ച ഡോഗുകൾക്ക് ആയുധങ്ങൾ, ബോംബുകൾ, മയക്കുമരുന്ന്, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്താനാകും. ഇത്തരത്തിലുള്ള എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷൻ പരിശീലനമാണ് ഹണിക്ക് ലഭിച്ചത്. കേരള പൊലീസിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമേഖലകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ബോംബ് കണ്ടെത്തൽ പ്രക്രിയയിലൂടെ സൈനികരുടെയും പൊലീസിന്റെയും ഉത്തമസുഹൃത്താണ് എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷൻ ഡോഗുകൾ. പ്രതിസന്ധികളെ അതിജീവിക്കാവുന്ന പരിശീലനം നേടിയ ഹണിയെ നിരവധി പൊതുപരിപാടികളിലും യോഗങ്ങളിലും സുരക്ഷ ഉറപ്പാക്കാനായി നിയോഗിച്ചിരുന്നു.