
തൃശൂർ: പ്രവചനാതീതമായ കാലാവസ്ഥയുള്ള സംസ്ഥാനമായി കേരളം മാറുന്നുവെന്ന് റവന്യൂമന്ത്രി കെ. രാജൻ. പറവട്ടാനി കോർപറേഷൻ ഗ്രൗണ്ടിൽ ഇലക്ട്രിസിറ്റി യാർഡിന് സമീപം സജ്ജമാക്കിയ ജില്ലയിലെ ആദ്യത്തെ വായുഗുണനിലവാര പരിശോധനാകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായുമലിനീകരണം നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ഓക്‌സിജൻ പാർലറിനെ ആശ്രയിക്കേണ്ടി വരും. ശാസ്ത്രജ്ഞരുടെ നിർദേശം പാലിച്ചാണ് സർക്കാർ വിവിധ ഓഫീസുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വായുഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ളതാണ് കേന്ദ്രം. സ്റ്റേഷന്റെ 500 മീറ്റർ ചുറ്റളവിലുള്ള വായു ഗുണനിലവാരമാണ് ലഭ്യമാവുക. 1.10 കോടി ചെലവഴിച്ചു നിർമ്മിച്ച കേന്ദ്രത്തിന് 2019ലാണ് ഭരണാനുമതി നൽകിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെബ് സൈറ്റിൽ ഈ സ്റ്റേഷനിൽ നിന്നുള്ള വായു ഗുണനിലവാര വിവരം ലഭ്യമാണ്. ജില്ലാ വെബ്‌സൈറ്റിലും വിവരം ലഭ്യമാക്കും. പരിപാടിയിൽ പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനിയർ
വി.എ സുശീലനായർ പദ്ധതി അവതരിപ്പിച്ചു. കോർപറേഷൻ മേയർ എം.കെ വർഗീസ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, കോർപറേഷൻ കൗൺസിലർ എം.എൽ റോസി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.വി പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.