
ഗുരുവായൂർ: മേൽപ്പത്തൂർ ആഡിറ്റോറിയം തിങ്കളാഴ്ച മുതൽ കലാപരിപാടികൾക്കായി തുറന്ന് കൊടുക്കും. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ സാഹചര്യത്തിലാണ് മേൽപ്പത്തൂർ ആഡിറ്റോറിയം തിങ്കളാഴ്ച മുതൽ കലാപരിപാടികൾക്കായി തുറന്നുകൊടുക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്.
നിറുത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ് വഴിപാടും ഇന്ന് മുതൽ പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ കലാപരിപാടികൾക്കായി മേൽപ്പത്തൂർ ആഡിറ്റോറിയം ബുക്ക് ചെയ്യാനും അവസരമുണ്ടാകും. കൊവിഡ് പശ്ചാത്തലത്തിൽ ജനുവരി 19 മുതലാണ് മേൽപ്പത്തൂർ ആഡിറ്റോറിയം അടച്ചതും ചോറൂണ് നിറുത്തിവെച്ചതും. ജനുവരി 19 മുതൽ ഫെബ്രുവരി 27 വരെ കലാപരിപാടികൾ ബുക്ക് ചെയ്തിരുന്നവർക്ക് മാർച്ച് 31 നുള്ളിൽ ഒഴിവുള്ള സ്ലോട്ടുകളിൽ പരിപാടി അവതരിപ്പിക്കാൻ അവസരം നൽകും. വെള്ളിയാഴ്ച രാത്രി ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ ഐ.എ.എസ്, അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
സംഗീത നാടക അക്കാഡമി അമേച്വര്‍ നാടകോത്സവം മാര്‍ച്ച് മുതല്‍
തൃശൂർ: കേരളത്തിലെ രംഗവേദിക്ക് ഉണർവ് നൽകാൻ സംഗീത നാടക അക്കാഡമി ആവിഷ്കരിച്ച അമേച്വർ നാടകോത്സവത്തിന് മാർച്ച് ആദ്യവാരം തിരിതെളിയും. കേരളത്തിലെ 10 കേന്ദ്രങ്ങളിൽ നടത്തുന്ന അമേച്വർ നാടകോത്സവത്തിൽ തെരഞ്ഞെടുക്കപ്പെട്ട 25 നാടകങ്ങളുടെ 50 അവതരണം നടത്തും.
10 കേന്ദ്രങ്ങളിലുള്ള അമേച്വർ നാടകോത്സവത്തിൽ തെരഞ്ഞെടുക്കപ്പെട്ട 25 അമേച്വർ നാടകങ്ങളുടെ 50 അവതരണങ്ങളാണ് നടത്തുന്നത്. അക്കാഡമിയും സർക്കാറും കൈകോർക്കുന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 അമേച്വർ നാടക സംഘങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ ധനസഹായം നൽകും. കൊല്ലത്തും തിരുവനന്തപുരത്തും ഏപ്രിലിൽ നടക്കും. കൊല്ലം പ്രകാശ് കലാകേന്ദ്രത്തിന്റെ സഹകരണത്തോടെ ഏപ്രിൽ മൂന്ന് മുതൽ ഏഴ് വരെ നാടകോത്സവം കൊല്ലം പ്രകാശ് കലാകേന്ദ്രം ആഡിറ്റോറിയത്തിൽ നടക്കും. ഏപ്രിൽ എട്ട് മുതൽ 12 വരെ തിരുവനന്തപുരം രംഗപ്രഭാത് നാടകഗ്രാമവുമായി സഹകരിച്ച് രംഗപ്രഭാത് നാടകഗ്രാമത്തിലും നാടകോത്സവം നടക്കും.
ആദ്യഘട്ട നാടകോത്സവത്തിന് മാർച്ച് നാലിന് കാസർകോട് നടക്കാവിൽ തിരിതെളിയും. കാസർകോട് നടക്കാവ് നെരൂദ തീയറ്റേഴ്സുമായി സഹകരിച്ച് എട്ട് വരെയാണ് നാടകോത്സവം. തൃശൂരിൽ വേലൂർ ഗവ.ആർ.എസ്.ആർ.വി.എച്ച്.എസ്.എസിലും കൊടുങ്ങല്ലൂർ മുസരിസ് സെന്ററിലും എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂളിലും വേദിയൊരുങ്ങും. മാർച്ച് 16 മുതൽ 20 വരെ കണ്ണൂരിൽ ജനസംസ്കൃതിയുമായി സഹകരിച്ച് മയ്യിലിലാണ് നാടകോത്സവം. മാർച്ച് 22 മുതൽ 25 വരെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിലും മേയ് ഒന്ന് മുതൽ അഞ്ച് വരെ ഞാറയ്ക്കൽ സഫ്ദർ ഹാഷ്മി സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ ഞാറയ്ക്കൽ സഫ്ദർ ഹാഷ്മി സാംസ്കാരിക കേന്ദ്രത്തിലും നാടകോത്സവം നടത്തും. വിപുലമായ നാടകപദ്ധതി ആദ്യമായാണെന്ന് സെക്രട്ടറി കെ. ജനാർദ്ദനൻ പറഞ്ഞു.