
ചേലക്കര: തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി വിളക്ക് ആഘോഷം ഇന്ന് നടക്കും. ഇന്നലെ ദശമി വിളക്ക് ആഘോഷിച്ചു. കാലത്ത് നിർമ്മാല്യ ദർശനം ക്ഷേത്രത്തിനകത്ത് നങ്ങ്യാർകൂത്ത്, ശീവേലി എഴുന്നള്ളിപ്പ്, ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പ്രമാണത്തിൽ മേളവും, മായന്നൂർ രാജുവിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറി. ഇന്ന് ഏകാദശിയുടെ പുണ്യം തേടി വ്രതമെടുത്ത് ആയിരങ്ങൾ വില്വാദ്രിനാഥനെ വണങ്ങാൻ ക്ഷേത്രത്തിലെത്തും. പുലർച്ചെ ക്ഷേത്രത്തിനകത്ത് നങ്ങ്യാർക്കൂത്തോടെയാണ് ഏകാദശി മഹോത്സവത്തിന് തുടക്കമാക്കുന്നത്. ക്ഷേത്രത്തിൽ ഇന്ന് പ്രത്യേക പൂജകളും വഴിപാടും നടത്തും. കുംഭാര സേവകർ അവരുടെ ആചാരപ്രകാരം ഇന്ന് ക്ഷേത്രത്തിലെത്തും. കുംഭാരസേവയും ഗവാള പൂജയും ഇന്നത്തെ പ്രത്യേകതയാണ്.
ഉത്രാളിപ്പൂരത്തിന് വെടിക്കെട്ട് ഉണ്ടാകും
വടക്കാഞ്ചേരി : എഴുന്നള്ളിപ്പിനും, വെടിക്കെട്ടിനും പേരുകേട്ട മദ്ധ്യകേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ഉത്രാളിക്കാവ് പൂരത്തിന് ഇക്കുറി വെടിക്കെട്ടുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. പൂരത്തിന്റെ മുഖ്യപങ്കാളികളായ, എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ മൂന്ന് ദേശക്കാരും ഒരുമിച്ചാണ് വെടിക്കെട്ട് ഒരുക്കുക. നേരത്തെ ഓരോ ദേശക്കാരും ഒറ്റയ്ക്കാണ് വെടിക്കെട്ട് നടത്തിയിരുന്നത്. പൂരദിവസം കൂട്ടി എഴുന്നള്ളിപ്പിന് ശേഷമാണ് വെടിക്കെട്ട്. കുണ്ടന്നൂർ സുന്ദരാക്ഷനാണ് വെടിക്കെട്ടിന്റെ ചുമതല. പൂരത്തിനോട് അനുബന്ധിച്ച് ഇന്ന് വൈകീട്ട് നടത്താനിരുന്ന സാമ്പിൾ വെടിക്കെട്ടും, ആൽത്തറ മേളവും ഉണ്ടായേക്കില്ല.