
തൃശൂർ: ആശങ്കളുയർന്ന സാഹചര്യത്തിൽ യുക്രെയിനിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഓൺലൈൻ മീറ്റിംഗ്. 5.20 മുതൽ 6 വരെയായിരുന്നു മീറ്റിംഗ്. മീറ്റിംഗിൽ രക്ഷിതാക്കൾ ഉന്നയിച്ച ആശങ്കകൾ ദുരീകരിക്കുന്ന മറുപടികളുണ്ടായതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ പറഞ്ഞു.
139 രക്ഷിതാക്കളാണ് മീറ്റിംഗിൽ പങ്കെടുത്തത്. യുക്രെയിനിലെ സാഹചര്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ സ്വീകരിച്ച മാർഗ്ഗങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. അതിർത്തിയിലുള്ള വിദ്യാർത്ഥികളെയാണ് ആദ്യം കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും, അകലെയുള്ളവർ തൽസ്ഥാനത്ത് സുരക്ഷിതരായി തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. റഷ്യ വഴിയുള്ള രക്ഷാദൗത്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.