മുല്ലശ്ശേരി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യബോധത്തിലൂന്നിയ പ്രവർത്തനങ്ങളാണ് ഇന്നത്തെ കേരളത്തെ ലോകോത്തര മാതൃകകളിൽ ഒന്നാക്കി മാറ്റിയതെന്നും അതിനെ വഴിതെറ്റിക്കാനുള്ള നിരന്തര പരിശ്രമങ്ങളാണ് വലതുപക്ഷ പാർട്ടികൾ നടത്തുന്നതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ദേവസ്വം പട്ടികജാതി വികസന മന്ത്രിയുമായ കെ. രാധാകൃഷ്ണൻ പറഞ്ഞു. ചേമ്പിൽ സി.എ. ചന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തിക ചുറ്റുപാടുകൾ മാറി ജീവിത നിലവാരം ഉയർന്ന് സമ്പന്നൻ എന്ന പേര് വീണാൽ പിന്നിട്ട വഴികൾ മറന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തള്ളി പറയുന്നവർക്ക് മുന്നിലെ പാഠപുസ്തകമാണ് ചേമ്പിൽ ചന്ദ്രനെന്നും അദ്ദേഹം പറഞ്ഞു. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.വി. ഹരിദാസൻ, സി.കെ. വിജയൻ, എ.കെ. ഹുസൈൻ, എ.ആർ. സുഗുണൻ, വി.എൻ. സുർജിത്ത് എന്നിവർ പ്രസംഗിച്ചു.