കൊടുങ്ങല്ലൂർ: വഴി വിളക്ക് തെളിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ വേറിട്ട സമരം ശ്രദ്ധേയമായി. കോട്ടപ്പുറം ചന്തപ്പുര ബൈപാസിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യാലിൽ അബ്ദുൾ ലത്തീഫ് സ്മൃതി നടത്തിവരുന്ന സമരം 40 ദിവസം പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മേത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴി വിളക്ക് സ്ഥാപിച്ച് സമരം നടത്തിയത്.
അബ്ദുൾ ലത്തീഫ് സ്മൃതി നടത്തിവരുന്ന സമരത്തിന് തുടക്കം മുതലേ കോൺഗ്രസ് പ്രവർത്തകർ ഐക്യദാർഢ്യവുമായി രംഗത്തുണ്ടായിരുന്നു. ബൈപാസിലെ ഗൗരിശങ്കർ നിഗ്‌നലിൽ സർവീസ് റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വഴി വിളക്ക് സ്ഥാപിച്ചത്. ബൈപാസിലേക്ക് വെളിച്ചം കിട്ടാവുന്ന രീതിയിലാണ് സോളാർ ലൈറ്റ് ക്രമീകരിച്ചിട്ടുള്ളത്. പതിനായിരം രൂപയോളം ചെലവാക്കിയാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. മത്സ്യതൊഴിലാളി കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ജോണി അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.എം. മൊഹിയുദ്ദീൻ, പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, കെ.എച്ച്. വിശ്വനാഥൻ, ജോഷി ചക്കാമാട്ടിൽ, സുനിൽ അഷ്ടപദി, പി.എൽ. തോമസ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.