തൃശൂർ: കുടിവെളളം കിട്ടാനില്ലെന്നും ചെളിവെള്ളമാണ് ടാപ്പുകളിൽ കിട്ടുന്നതെന്നുമാരോപിച്ച് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ കോർപ്പറേഷൻ യോഗത്തിൽ നടുത്തളത്തിലേത്തിറങ്ങി. ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉടൻ ശരിയാകുമെന്ന മേയറുടെ മറുപടിയിൽ കൗൺസിലംഗങ്ങൾ രോഷാകുലരാവുകയും ചെയ്തു. അമൃത് പദ്ധതി വഴി 300 കോടി ചെലവിട്ടതിൽ 70 ശതമാനവും കുടിവെള്ളത്തിനായാണെന്നും എന്നിട്ടും ഫലമുണ്ടായില്ലെന്നും കണക്ക് ഹാജരാക്കണമെന്നും ബി.ജെ.പി നേതാവ് വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു. ചെളിനിറഞ്ഞ വെള്ളം കുപ്പിയിൽ നിറച്ച് എത്തിയ മുകേഷ് കുളംപറമ്പിലിനോട് ഇതു കാനയിൽ നിന്നു മുക്കിയെടുത്തതാണോ എന്ന ചോദ്യം കൗൺസിലംഗങ്ങളുടെ കടുത്ത വിമർശനത്തിനിടയാക്കി. കൂടെ വന്നാൽ ശേഖരിച്ച സ്ഥലം കാണിച്ചുതരാമെന്ന് മുകേഷ് വെല്ലുവിളിക്കുകയും ചെയ്തതോടെ ഭരണപക്ഷം വായടച്ചു. അതിനിടെ വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച തെളിഞ്ഞ ജലം നിറച്ച കുപ്പികളുമായി മേയർ വിശദീകരണം നൽകി. മാലിന്യം കലരാത്ത കുടിവെള്ളമാണ് മേശപ്പുറത്ത് വച്ചിരിക്കുന്നതെന്ന് പറയുന്ന മേയർ അത് ജനങ്ങൾക്കും കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. വാട്ടർ എഫിഷ്യന്റ് പദ്ധതിയനുസരിച്ച് ഒരുമാസത്തിനകം കുടിവെള്ളം എല്ലായിടത്തും എത്തിക്കുമെന്നു പറഞ്ഞിട്ട് എന്തായെന്നും പ്രതിപക്ഷം പരിഹസിച്ചു. ബി.ജെ.പിയിലെ വി.ആതിര സംസാരിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എമ്മിലെ വർഗീസ് കണ്ടംകുളത്തി എതിർത്തത് തർക്കത്തിനിടയാക്കി. ഇതോടെ ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. നഗരത്തിൽ പലയിടത്തും അനധികൃത നിർമാണം സജീവമാണെന്ന് ജയപ്രകാശ് പൂവത്തിങ്കൽ ആരോപിച്ചു. അനധികൃത നിർമാണം കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ പറഞ്ഞു.
മേയറുടെ ചേംബർ മോടിപിടിപ്പിക്കുന്നതിനും പ്രധാനകവാടത്തിന്റെ മോടി പിടിപ്പിക്കലിനുമായി ലക്ഷങ്ങൾ ചിലവിട്ടത് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ പ്ലക്കാർഡുമായി മുദ്രാവാക്യം വിളിച്ച് മേയറെ വളഞ്ഞു. കൗൺസിൽ യോഗത്തിൽ 25-ാം അജൻഡയായി 19 ഫയലുകൾ പിൻവാതിലിലൂടെ കൊണ്ടുവന്ന് പാസാക്കിയെടുക്കാനായിരുന്നു ശ്രമമെന്നും ഇത് പരാജയപ്പെടുത്തിയെന്നും രാജൻ പല്ലൻ പറഞ്ഞു.
കുടിവെള്ള പ്രശ്‌നത്തിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകും. പൂങ്കുന്നത്ത് പരിശോധന നടത്തിയപ്പോൾ വാൽവിലെ തകരാർ കണ്ടെത്തി പരിഹരിച്ചു. ദിവാൻജി മൂലയിലും തേക്കിൻകാട് ഭാഗത്തും വാൽവുകളുടെ പരിശോധന തുടരുകയാണ്. മൂന്നു വാൽവുകൾ കേടുപാട് തീർത്തു. അരണാട്ടുകര, പൂങ്കുന്നം ഭാഗത്ത് ഇടതടവില്ലാതെ വെള്ളം നൽകാനാകും.
-എം.കെ. വർഗീസ് (മേയർ)