
കൊടുങ്ങല്ലൂർ: യുദ്ധഭൂമിയിൽ നിന്ന് രക്ഷാ മാർഗ്ഗം തേടി വിദ്യാർത്ഥികൾ. ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ച് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ ആശങ്ക നിറഞ്ഞ സന്ദേശങ്ങൾ രക്ഷിതാക്കൾക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ശ്രീനാരായണപുരം അഞ്ചങ്ങാടി വെള്ളക്കാട്ടുപടി അബ്ദുൽ നാസറിൻെറയും, ഭാര്യ ഷഫീനയുടെയും മകൾ ഫിദ ഫാത്തിമ യുക്രെയിനിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. യുക്രെയിനിലെ സുമി സർവകലാശായിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഫിദ ഫാത്തിമയും ഒപ്പമുള്ള വിദ്യാർത്ഥികളും നിലവിൽ കാര്യമായ ബുദ്ധിമുട്ടിലല്ലെന്നാണ് വിവരം. എന്നാൽ അന്തരീക്ഷം പിന്നീട് എന്താകുമെന്ന ആശങ്കയിലാണ് ഇവരും. കൊടുങ്ങല്ലൂർ മേഖലയിൽ നിന്നും ഇത്തരത്തിലുള്ള 5 വിദ്യാർത്ഥികളുണ്ടെന്നാണ് കരുതുന്നത്.
ഡൽഹിയിൽ എം.പിയുടെ കൺട്രോൾ റൂം
തൃശൂർ: യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായത്തിനായി ടി.എൻ.പ്രതാപൻ എം.പിയുടെ ഡൽഹി ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. എം.പിയുടെ പബ്ലിക് റിലേഷൻ ഓഫീസാണ് കൺട്രോൾ റൂം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, യുക്രെയ്നിലേയും പോളണ്ടിലെയും ഇന്ത്യൻ എംബസികൾ തുടങ്ങിയവയുടെ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിച്ചും ഏകോപിപ്പിച്ചുമാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. കൺട്രോൾ റൂം നമ്പർ: +91 9745337996. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂം നമ്പറുകൾ: 1800118797, 011 23012113, 011 23014104, 011 230 17905, 011 230 881.