ചാവക്കാട്: ഇന്ന് മുതൽ അമ്പതു ദിവസങ്ങൾ യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും നാളുകൾ. ഇന്ന് സീറോ മലബാർ സഭയിൽ വ്രതാരംഭ ചടങ്ങുകളും വിഭൂതി തിരുകർമ്മങ്ങളും ദേവാലയങ്ങളിൽ നടക്കും. സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന ദേവാലയമായ പാലയൂർ മാർ തോമ തീർത്ഥാടന ദേവാലയത്തിൽ പാലയൂർ മഹാ തീർത്ഥാടനത്തിന്റെ രജത ജൂബിലി വർഷാരംഭത്തിന്റെ ഭാഗമായി വ്രതാരംഭ കൂട്ടായ്മ ശുശ്രൂഷകൾ വൈകിട്ട് അഞ്ചിന് പ്രഥമ മാമോദീസ കേന്ദ്രമായ തളിയക്കുളക്കരയിലെ കപ്പേളയിൽ ആരംഭിക്കും. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്രതാരംഭ കൂട്ടായ്മക്കും തുടർന്നുള്ള ദിവ്യബലിക്കും മുഖ്യ കാർമ്മികത്വം വഹിക്കും. ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ, സഹ വികാരി ഫാദർ മിഥുൻ വടക്കേത്തല, അതിരൂപതയിലെയും പാലയൂർ ഫൊറോനയിലെയും വൈദികർ എന്നിവർ സഹകാർമ്മികരാകും.