ukrayin

തൃശൂർ: 'യുക്രെയിനിൽ നിന്ന് രക്ഷ തേടി പോളണ്ട് അതിർത്തിയിലേക്ക് കൂട്ടുകാർക്കൊപ്പം പുറപ്പെടുമ്പോൾ ഏറെ പ്രതീക്ഷയായിരുന്നു. ഇന്നലെ അതിർത്തിയിൽ എത്തിയപ്പോൾ യുക്രെയിൻ പട്ടാളക്കാരുടെ സമീപനം ആശങ്കയാണ് തന്നത്.' - തൃശൂർ വടക്കാഞ്ചേരി സ്വദേശി വിഷ്ണുപ്രസാദ് കേരളകൗമുദിയോട് പറഞ്ഞു.

നൂറുകണക്കിന് ഇന്ത്യാക്കാർ അടക്കം ആയിരങ്ങളാണ് യുക്രെയിൻ - പോളണ്ട് അതിർത്തി പ്രദേശമായ റത്തുഷായിൽ എത്തിയത്. യുക്രെയിൻകാരെ വരിയായി നിറുത്തി പോളണ്ടിലേക്ക് വിടുന്നുണ്ട്. എന്നാൽ മറ്റ് രാജ്യക്കാരോട് ക്രൂരമായാണ് യുക്രെയിൻ പട്ടാളത്തിന്റെ പെരുമാറ്റമെന്നും വിഷ്ണു പറയുന്നു.

'പോളണ്ടിലേക്ക് കടക്കാൻ എത്തിയവരെ തോക്ക് ചൂണ്ടിയും ആകാശത്തേക്ക് വെടിവച്ചും ഭയപ്പെടുത്തുന്നു, അടിച്ചോടിക്കുന്നുമുണ്ട്. ആരെയും അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. അത്രിക്രമം സഹിച്ച് നിൽക്കുന്നവരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചു. അത് കണ്ട് പരിഭ്രമിച്ചോടിയ സ്ത്രീകൾ അടക്കമുള്ളവർക്ക് പരിക്ക് പറ്റി. വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നശിപ്പിക്കാൻ ശ്രമിച്ചു, ചിത്രങ്ങൾ എല്ലാം ഡിലീറ്റാക്കി.'

പ്രശ്‌നം വഷളാകുന്നത് കണ്ട് താമസ സ്ഥലത്തേക്ക് തിരിച്ചുപോകാൻ
തയ്യാറെടുത്തു. ഇതിനിടെ ഇന്ത്യക്കാരെ പോളണ്ട് അതിർത്തിയിലേക്ക് കടത്തിവിടുന്നതായി സമൂഹ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ വീണ്ടും അവിടെയെത്തി വരിനിന്നു.

യുക്രെയിനിലെ എക്കദിമിക തുപ്പലിവ സ്ട്രീറ്റിൽ നിന്ന് നൂറുകിലോമീറ്ററോളം അതീവ ദുഷ്‌കരമായി സഞ്ചരിച്ചാണ് റത്തുഷായിൽ എത്തിയത്. ട്രെയിനിറങ്ങി 16 കിലോമീറ്റർ നടന്നാണ് അവിടെ എത്തിയത്. ഭക്ഷണത്തിന് ബുദ്ധിമുട്ടില്ലെന്നും പെട്രോൾ പമ്പുകൾക്ക് സമീപം ഭക്ഷണശാലകൾ ഉണ്ടെന്നും വിഷ്ണുപ്രസാദ് പറഞ്ഞു.