sachi
സാഹിത്യ അക്കാഡമി പ്രസിഡന്റായി ചുമതലയേൽക്കുന്ന കെ. സച്ചിദാനന്ദനെ വടൂക്കരയിലെ വീട്ടിലെത്തി മന്ത്രി ഡോ.ആർ ബിന്ദു അനുമോദിക്കുന്നു

തൃശൂർ: സാഹിത്യ അക്കാഡമി പ്രസിഡന്റായി നിയമിതനായ കെ. സച്ചിദാനന്ദനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ചു. വടൂക്കര ഹരിത നഗറിലെ സച്ചിദാനന്ദന്റെ വീട്ടിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. സച്ചിദാനന്ദൻ സാഹിത്യ അക്കാഡമി പ്രസിഡന്റായത് അഭിമാനകരമാണെന്നും അക്കാഡമിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ വരവ് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

എം.എ. ബേബി സംസ്‌കാരിക മന്ത്രിയായിരുന്ന കാലം മുതൽ കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റാകാനുള്ള ക്ഷണം ഉണ്ടായിരുന്നതാണെന്നും തന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി അക്കാഡമിയെ കൂടുതൽ സജീവമാക്കാൻ ശ്രമിക്കുമെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു.

കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചിദാനന്ദൻ അടുത്തിടെയാണ് വടൂക്കരയിൽ താമസമാക്കിയത്. കവി, നിരൂപകൻ, വാഗ്മി എന്നീ നിലകളിൽ രാജ്യാന്തര പ്രശസ്തി നേടിയ അദ്ദേഹം ഏറെക്കാലം കേന്ദ്രസാഹിത്യ അക്കാഡമി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.