
തൃശൂർ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ രാജ്യത്ത് കർഷകതൊഴിലാളി കൂട്ടായ്മ വളരുന്നുണ്ടെന്നും ഈ ജനവികാരത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പൊതുവേദിയാക്കി മാറ്റാൻ സി.പി.എം കേന്ദ്ര നേതൃത്വം അടക്കം ശ്രമിക്കുമ്പോൾ തടസം സൃഷ്ടിക്കുന്നത് സി.പി.എമ്മിന്റെ കേരള ഘടകമാണെന്ന് ഫോർവേഡ് ബ്ലോക്ക്.
വർഗീയത ഭരണഘടനയെ അട്ടിമറിക്കുമ്പോൾ ജനാധിപത്യ മതനിരപേക്ഷ ഇടത് ഐക്യം അനിവാര്യമാണ്. അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ കാലം കഴിഞ്ഞുവെന്ന് കേരളത്തിലെ സി.പി.എം നേതാക്കൾ തിരിച്ചറിയണമെന്നും സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ പ്രമേയം അവതരിപ്പിച്ചു. ദേശീയ ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ജി. ദേവരാജൻ, കളത്തിൽ വിജയൻ, അഡ്വ. ടി. മനോജ് കുമാർ, ബി. രാജേന്ദ്രൻ നായർ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ദേശീയ വൈസ് ചെയർമാൻ പി.വി. കതിരവൻ, ദേശീയ സെക്രട്ടറി ജി.ആർ. ശിവശങ്കർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ഡോ. മാർട്ടിൻ പോൾ എന്നിവർ പ്രസംഗിച്ചു.