കൊടുങ്ങല്ലൂർ: യുക്രെയിനിൽ കുടുങ്ങിയ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ മൂന്ന് കുട്ടികളുടെ കുടുംബാംഗങ്ങളെ വി.ആർ. സുനിൽകുമാർ എം.എൽ.എ സന്ദർശിച്ചു. കുട്ടികളുട വീട്ടിൽ എത്തിയ എം.എൽ.എ കുട്ടികളുടെ സ്ഥിതിവിശേഷം അന്വേഷിച്ചറിയുകയും രണ്ട് കുട്ടികളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇവരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനുമായി സംസാരിക്കുകയും ചെയ്തു.
നോർക്കയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ ലിസ്റ്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് യുക്രെയിൻ ഇന്ത്യൻ എംബസിയിലേക്ക് അയച്ചുകൊടുക്കുമെന്നും, എംബസി അവിടെ അകപ്പെട്ടപോയ കുട്ടികളെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വെനിസിയിൽ മൂന്നാം വർഷം എം.ബി.ബി.എസിന് പഠിക്കുന്ന കൊടുങ്ങല്ലൂർ പാടാകുളം കുന്നത്ത് വീട്ടിൽ സുബ്രഹ്മണ്യൻ മകൻ അശ്വൻ, ലിവൈവ് സിറ്റിയിൽ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥി കോട്ടപ്പുറം കാച്ചപ്പിള്ളി വീട്ടിൽ റിജുവിന്റെ മകൾ റോഷ മേരി ഫ്രാൻസിസ്, ഇവാനോവിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി കോട്ടപ്പുറം വാഴക്കൂട്ടത്തിൽ വീട്ടിൽ ഷമ്മിയുടെ മകൾ ലിഫ്‌ന എന്നിവരുടെ വീടുകളാണ് എം.എൽ.എ സന്ദർശിച്ചത്. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന, ജയ, കൈസാബ്, ഷീല പണിക്കശ്ശേരി, ബോബി, പി.പി. സുഭാഷ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.