കുന്നംകുളം: 50 ലക്ഷം രൂപ ചെലവിട്ട് ഒരാഴ്ച മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ പെരുമ്പിലാവ് പൊറവൂർ കോത്തോളിക്കുന്ന് റോഡിന്റെ ടാറിംഗ് ഇളകി. ഒന്നരക്കിലോമീറ്റർ റോഡാണ് പുതുതായി ടാറിംഗ് നടത്തിയത്. ഒരു കിലോമീറ്റർ ദൂരം 8 മീറ്റർ വീതിയും ബാക്കി അഞ്ചര മീറ്റർ വീതിയുമാണ് ഉള്ളത്. നിർമ്മാണത്തിൽ അഴിമതി നടത്തിയിട്ടുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അധികൃതർക്ക് പരാതി നൽകുമെന്നു നേതാക്കളായ എം.എം. മഹേഷ്, പി.വി. ദീപൻ എന്നിവർ പറഞ്ഞു. റോഡിന്റെ തകരാർ പരിഹരിക്കാൻ കരാറുകാരനോട് നിർദേശിച്ചിട്ടുണ്ടെന്ന് കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ പറഞ്ഞു. അതുവരെ ബില്ല് തടഞ്ഞു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.