thodu
പറയൻതോടിന്റെ ഒന്നാംഘട്ട നവീകരണം നടന്ന ഭാഗവും പായൽ പടർന്ന് നശിക്കുന്നു.

ചാലക്കുടി: നഗരസഭയിലെ പ്രധാന ജലസ്രോതസുകളിൽ ഒന്നായ പറയൻതോടിന്റെ രണ്ടാംഘട്ട നവീകരണത്തിന് ഇനിയും നടപടികളായില്ല. ഒന്നാംഘട്ടമെന്ന നിലയിൽ 55 ലക്ഷം രൂപ ചിലവിൽ നടത്തിയ പ്രവർത്തനങ്ങൾകൂടി ഇപ്പോൾ പാഴ്‌വേലയാകുന്നു. നഗരത്തിന്റെ ഹൃദയഭൂമിയെ ആർദ്രമാക്കുന്ന തോടിന്റെ നവീകരണം പൂർണമാക്കുന്നതിന് തുടർ നടപടികൾ ഇല്ലാത്തതാണ് കാരണം. പോട്ടച്ചിറയിൽ നിന്നും ആരംഭിച്ച് കോട്ടാറ്റ് വച്ച് ചാലക്കുടിപ്പുഴയിൽ ചേരുന്ന തോടിന്റെ രണ്ടര കിലോമീറ്റർ ദൂരത്താണ് കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരണം നടന്നത്. മുൻ എം.എൽ.എ ബി.ഡി. ദേവസി മുൻകൈയ്യെടുത്ത് ഒരു കോടി രൂപയുടെ നവീകരണ പദ്ധതിക്കാണ് കൃഷി വകുപ്പിന് സമർപ്പിച്ചതെങ്കിലും പകുതി തുകയാണ് അനുവദിച്ചത്. അവശേഷിക്കുന്ന പ്രവൃത്തികളടക്കം വിപുലമായ പദ്ധതിയുടെ തയ്യാറാക്കി കെ.എൽ.ഡി.സിക്ക് നൽകുകയും ചെയ്തു. കോസ്‌മോസ് ക്ലബ് മുതൽ കോട്ടാറ്റ് പാടശേഖത്തിന്റെ ഒരു ഭാഗം വരെയായിരുന്നു ഒന്നാംഘട്ട നവീകരണം. തോടിന്റെ ആഴവും വീതിയും കൂട്ടൽ, ആവശ്യമുള്ള ഇടങ്ങളിൽ ബണ്ട് നിർമ്മാണം എന്നിവയായിരുന്നു പ്രധാന പ്രവർത്തനം. ബണ്ടിനെ ഭൂവസ്ത്രം അണിയിക്കലും പദ്ധതിയുടെ ഭാഗമായുണ്ടായി. ശുചീകരണവുമുണ്ടായി. എന്നാൽ ഇപ്പോൾ തുടർപ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. അധികൃതരുടെ അലംഭാവം തുടർന്നാൽ നേരത്തെ നടന്ന നവീകരണവും വൃഥാവിലാകും. വേനലിൽ ശുദ്ധജല ക്ഷാമം ഇല്ലാതാക്കൽ, വർഷക്കാലത്ത്് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കൽ എന്നീ പ്രക്രിയയാണ് പുരാതനകാലം മുതൽ പറയൻതോടിലൂടെ നടന്നു വരുന്നത്. എന്നാൽ അവശിഷ്ടങ്ങൾ വലിച്ചെറിയാനുള്ള മാർഗമായി തോടിനെ കണ്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. നവീകരണം പൂർത്തിയാക്കി സംരക്ഷിച്ചില്ലെങ്കിൽ നഗരത്തിന്റെ കുടിനീർ സംവിധാനം മെല്ലെ ഇല്ലാതായി തീരും.

പറയൻതോടിന്റെ ചരിത്രം
നോർത്ത് ചാലക്കുടിയിലെ പോട്ടച്ചിറയിൽ നിന്നും ഉത്ഭവിച്ച് നഗരസഭയുടെ മദ്ധ്യഭാഗത്ത് കൂടി ഒഴുകി കോട്ടാറ്റ വച്ച്് ചാലക്കുടിപ്പുഴയിൽ ചേരുന്ന പറയൻതോടിന്റ നീളം അഞ്ചര കിലോമീറ്റർ. പുഞ്ചപ്പാടം, കാരക്കുളത്ത് നാട്, കോട്ടാറ്റ് എന്നീ പാടശേഖരങ്ങളാണ് സഞ്ചാര വീഥി. വേനൽക്കാലത്ത്് നൂറുകണക്കിന് കർഷകർ വെള്ളത്തിന് പറയൻതോടായിരുന്നു ആശ്രയം. ആയിരക്കണക്കിന് വീടുകൾക്ക് കുടിവെള്ള സ്രോതസുമാണ്. വർഷക്കാലങ്ങളിൽ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാകുന്നതിനും ഉപകരിച്ചു.