തൃശൂർ: ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ശിവക്ഷേത്രങ്ങൾ. നാളെയാണ് ശിവരാത്രി ആഘോഷം. ആയിരങ്ങൾ എത്തിച്ചേരുന്ന വടക്കുന്നാഥ ക്ഷേത്രത്തിൽ നാളെ പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ 21 മുതൽ ശ്രീമൂലസ്ഥാനത്തു വിവിധ കലാപരിപാടികൾ നടന്നുവരികയാണ്. ലക്ഷർച്ചന ഇന്ന് സമാപിക്കും.
മിഥുനപ്പിള്ളി ശിവക്ഷേത്രം, കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, കീഴ്തൃക്കോവിൽ ശിവക്ഷേത്രം, ആനക്കല്ല് തൃത്തമാശ്ശേരി ശിവക്ഷേത്രം, ആറാട്ടുപുഴ മന്ദാരംകടവ് തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം നടക്കും. കഴിഞ്ഞ രണ്ടുവർഷമായി കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ചടങ്ങ് മാത്രമായാണ് ശിവരാത്രി ആഘോഷം നടന്നത്.
ഇത്തവണ നിയന്ത്രണത്തിൽ അയവു വന്നതിനാൽ ആഘോഷപൂർവമാണ് നടക്കുന്നത്. എഴുന്നള്ളിപ്പുകൾക്ക് ആനകളെ കൂടുതൽ എഴുന്നള്ളിക്കാമെന്ന ഉത്തരവ് വന്നതും ഉത്സവക്കമ്മിറ്റികാർക്ക് ആശ്വാസമായി.
ശിവരാത്രി ആചരണവും ബലിതർപ്പണവും
ഇരിങ്ങാലക്കുട: പുല്ലൂർ ആനരുളി ശിവവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി ആചരണവും ബലി തർപ്പണവും മാർച്ച് 1, 2 തീയതികളിൽ നടക്കും. ഒന്നിന് രാവിലെ വിശേഷാൽ പൂജകൾ, അഖണ്ഡനാമജപം, ചുറ്റുവിളക്ക്, ദീപാരാധന, ദീപക്കാഴ്ച, പ്രഭാഷണം, ഭജനസുധ, രണ്ടിന് രാവിലെ 4.30 മുതൽ ബലിതർപ്പണം എന്നിവയുണ്ടാകും.