ഇരിങ്ങാലക്കുട: മാപ്രാണത്തുള്ള അങ്ങാടിക്കുളം പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 57, 75,000 രൂപയാണ് നിർമ്മാണ പ്രവൃത്തിക്കായി അനുവദിച്ചിരുന്നത്.
പ്രസ്തുത പ്രവർത്തിയിൽ കുളത്തിലെ ചെളി നീക്കി വശങ്ങൾ 273 മീറ്റർ നീളത്തിൽ 2.25 മീറ്റർ ഉയരത്തിൽ കരിങ്കൽ കെട്ടി സംരക്ഷിക്കും. പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ ഗ്രൗണ്ട് വാട്ടർ റീചാർജ് മെച്ചപ്പെടുകയും, സമീപ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് സംരക്ഷിക്കുകയും, ഒരു പരിധിവരെ ജലക്ഷാമം പരിഹരിക്കാൻ സാധിക്കുകയും ചെയ്യും. അങ്ങാടിക്കുളം പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷയായി. മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മുഖ്യാതിഥിയായിരുന്നു. മുൻസിപ്പൽ എൻജിനിയർ സി.എസ്. ഗീതാകുമാരി പദ്ധതി അവതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.സി. ഷിബിൻ, അഡ്വ. ജിഷ ജോബി, ജെയ്‌സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ എ.എസ്. അജിത്ത്കുമാർ, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് കെ.എം എന്നിവർ സംസാരിച്ചു.