board

ചാലക്കുടി നഗരസഭാ പാർക്കിന്റെ ബോർഡ് പെയിന്റടിച്ച് വികൃതമാക്കിയ നിലയിൽ.

ചാലക്കുടി: നഗരസഭാ പാർക്കിന്റെ വിവാദമായ ബോർഡ് പെയിന്റടിച്ച് വികൃതമാക്കി. കഴിഞ്ഞ ദിവസമാണ് ബോർഡിലെ പച്ച നിറത്തിൽ സ്‌പ്രേ പെയിന്റടിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ വി.ഒ. പൈലപ്പൻ ചാലക്കുടി എസ്.എച്ച്.ഒയ്ക്ക് പരാതി നൽകി. കലാഭവൻ മണി സ്മാരക പാർക്കിന്റെ ബോർഡിൽ കോൺഗ്രസ് പതാകയുടെ നിറം കൊടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ എൽ.ഡി.എഫും നഗരസഭയുടെ പ്രതിപക്ഷ കൗൺസിലർമാരും സമരം നടത്തുകയും ചെയ്യുന്നുണ്ട്. സാമൂഹിക വിരുദ്ധരാണ് ഇത് ചെയ്തതെന്ന് പറയുമ്പോഴും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരെയാണ് ചെയർമാൻ ഉന്നം വക്കുന്നത്. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ സ്ഥലത്തെത്തി സംഭവത്തിൽ പ്രതിഷേധിച്ചു.
പാർക്കിന്റെ ബോർഡിൽ കോൺഗ്രസ് പതാകയെ അനുകരിച്ചതിൽ ഭരണകക്ഷിയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. വിവാദമുണ്ടാക്കാൻ മാത്രമുള്ള നടപടിയാണ് ഇതെന്ന് രണ്ടു പ്രമുഖ യു.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പാർലിമെന്ററി പാർട്ടിയിലോ കൗൺസിലിലോ ചർച്ച ചെയ്യാതെയാണ് ഇതു നടപ്പാക്കിയതെന്നും അവർ പറഞ്ഞു. കമാന നിർമ്മാണത്തിന് ടെണ്ടർ ക്ഷണിക്കുകയും ചെയ്്തില്ല. 1971ൽ രൂപം കൊണ്ടതു മുതൽ നഗരസഭയ്ക്ക് ഔദ്യോഗിക ചിഹ്നവും നിറവുമുണ്ട്. ഇക്കാലമത്രയും മാറിമാറി ഭരിച്ച മുന്നണികൾ നിർമ്മിച്ച കെട്ടിടങ്ങൾക്ക് പ്രസ്തുത നിറമാണ് നൽകിയത്. കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിലിന്റെ കാലത്ത് നിർമ്മിച്ച ആധുനിക പാർക്ക് 2020 ൽ ഉദ്ഘാടനം ചെയ്‌തെങ്കിലും താത്കാലിക ബോർഡ് മാത്രമായിരുന്നു സ്ഥാപിച്ചത്. ഇപ്പോഴത്തെ ഭരണസമിതി ഇതിൽ ഒരു പ്രവർത്തനം നടത്താതെ ബോർഡ് എഴുതി വിവാദമുണ്ടാക്കിയതിലാണ് ഭരണപക്ഷത്തുള്ളവർക്കും അതൃപ്തിക്കിടയാക്കിയത്.