 
മേലൂർ: യുക്രെയിനിൽ നിന്നും മകൻ അഭിനവിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് കുന്നപ്പിള്ളിയിലെ റിട്ട. കായിക അദ്ധ്യാപകനും കുടുംബവും. ഞാറ്റുവെട്ടി സന്തോഷ്‌കുമാറും വീട്ടുകാരുമാണ് വേവലാതിയിൽ കഴിയുന്നത്. യുക്രെയിനിലെ സുമിയിൽ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ ഞായറാഴ്ചയും പുലർച്ചെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തത്കാലം കുഴപ്പമില്ലെന്നും ബങ്കറിലാണ് കഴിച്ചുകൂട്ടുന്നതെന്നുമാണ് അറിയിച്ചത്.
വാർത്താ വിനിയ സംവിധാനങ്ങൾ എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്നും അങ്ങനെയുണ്ടായാൽ നപടികൾ ഉണ്ടാകുന്നതുവരെ ബന്ധപ്പെടാൻ കഴിയില്ലെന്നും അച്ഛൻ സന്തോഷിനെയും അമ്മ ബീനയെയും അറിയിച്ചിട്ടുണ്ട്. 500 ഓളം ഇന്ത്യക്കാരാണ് അഭിനവ് പഠിക്കുന്ന യൂണിവേഴ്‌സിറ്റിയിലുള്ളത്. എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാർ തലത്തിൽ നടപടിയുണ്ടാകുമെന്ന് കുടുംബത്തിന്റെ പ്രത്യാശ.
സുമിയിൽ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ റഷ്യയിലെത്താം. അതിനാൽ റഷ്യയിൽ കൂടിയല്ലാതെ ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകില്ല. ഇതിനായി ശ്രമം നടക്കുന്നുണ്ട്, അനുകൂല നിലപാടുണ്ടായിട്ടില്ല.
- സന്തോഷ്‌കുമാർ (അഭിനവിന്റെ പിതാവ്)