
തൃശൂർ: തീരദേശ സാക്ഷരതാ പരിപാടിയുടെ ഒന്നാംഘട്ടത്തിൽ 1112 പേരിൽ 750 പേർ വിജയിച്ചതായി സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സജി തോമസ് അറിയിച്ചു. 15നുള്ളിൽ15 തീരദേശ പഞ്ചായത്തുകളിൽ സാക്ഷരതാ സമിതി പുന:സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പത്താംതരം, ഹയർസെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ചേരുന്ന, 50 വയസിന് മേൽ പ്രായമുള്ളവർക്ക് കോഴ്‌സ്, ഫീസിനങ്ങളിൽ സഹായം നൽകാൻ യോഗം നിർദ്ദേശിച്ചു. 5 വർഷം കൊണ്ട് 2,000 മുതിർന്നവരെ ചേർക്കാനാണ് പരിപാടി. തുല്യത പത്ത്, പ്ലസ് ടു എന്നിവയിൽ വിജയിച്ചവർ, മികച്ച വിജയം നേടിയവർ എന്നിവരെ ചേർത്ത് വിജയോത്സവം സംഘടിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ജയിൽ സാക്ഷരതാ പരിപാടി പുനരാരംഭിക്കാനുള്ള നടപടികൾ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എം അഹമ്മദ്, ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി തിലകൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ബേസ് ബാൾ സബ് ജൂനിയർ,
ജൂനിയർ ചാമ്പ്യൻഷിപ്പ്
തൃശൂർ : ജില്ലാ ബേസ് ബാൾ സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പ് മാർച്ച് 3,4 തിയതികളിൽ ഒല്ലൂർ വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ പത്ത് ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ച് ടീമും പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ നിന്ന് ജില്ലാതല ടീമിനെ തിരഞ്ഞെടുക്കും. മൂന്നിന് രാവിലെ 11ന് കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ബാബു ഉദ്ഘാടനം ചെയ്യും. ബേസ്ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിന്നി ഇമ്മട്ടി അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ബിന്നി ഇമ്മട്ടി, കെ.എം.ലെനിൽ, വിഷ്ണു ടി.സി, ജോയ് പ്ലാശേരി, അഡ്വ.കെ.ആർ.അജിത് ബാബു എന്നിവർ പങ്കെടുത്തു.