 
തളിക്കുളം: പഞ്ചായത്ത് രണ്ടാം വാർഡിൽ ആർ.പി.ടി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യക്കൃഷി വിളവെടുത്തു. നാല് മീറ്റർ വ്യാസവും 16,000 ലിറ്റർ സംഭരണശേഷിയുമുള്ള ഏഴ് കൃത്രിമ കുളങ്ങളിലാണ് 6 മാസം മുമ്പ് 7000 ഗിഫ്റ്റ് തിലാപ്പിയ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
ആറുമാസം കൊണ്ട് ഓരോ മീനുകളും 400 ഗ്രാം വീതം തൂക്കമുള്ളതായി. സർക്കാർ സബ്‌സിഡി ഉൾപ്പെടെ ഏഴരലക്ഷം രൂപ ചെലവഴിച്ചാണ് ആർ.പി.ടി ഗ്രൂപ്പ് ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി ആരംഭിച്ചത്. മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മത്സ്യക്കൃഷി വിളവെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.കെ. അനിത, പഞ്ചായത്ത് അംഗങ്ങളായ സുമന ജോഷി, ഷാജി ആലുങ്ങൽ, പ്രോജക്ട് കോ- ഓർഡിനേറ്റർ പി.വി. ഹിത, ആർ.പി.ടി ഗ്രൂപ്പ് അംഗം നൗഷാദ് ചെപ്പു എന്നിവർ സംസാരിച്ചു.