കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് പെൻഷൻ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാരും ടൗൺ ബാങ്ക് അധികൃതരും പരിഗണിക്കാതിരിക്കുന്നതിൽ ടൗൺ സഹകരണ ബാങ്ക് ഇ.പി.എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ യോഗം പ്രതിഷേധിച്ചു. രണ്ടര വർഷം ജോലി ചെയ്തവർക്കുപോലും പെൻഷൻ ലഭിക്കുമ്പോൾ 20 വർഷത്തിലധികം ജോലി ചെയ്ത ജീവനക്കാർക്ക് പെൻഷൻ നൽകാത്തത് നീതി നിഷേധമാണെന്ന് യോഗം ആരോപിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ ബാങ്കിൽ നിന്നും വിരമിച്ച ഏതാനും പേർക്ക് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി പെൻഷൻ നൽകാതിരിക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് മേഖലാ ഓഫീസിലെ നടപടിയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. വിരമിക്കുന്നതുവരെ കൃത്യമായി വിഹിതം അടച്ചിട്ടും പെൻഷൻ നിഷേധിക്കുന്ന അധികൃതരുടെ നടപടിയിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും മിനിമം പെൻഷൻ 6000 രൂപയായി ഉയർത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.എൻ. രാജീവൻ അദ്ധ്യക്ഷനായി. സി.എസ്. തിലകൻ, ടി.ആർ. കണ്ണൻ, പി.എസ്. ധർമ്മരാജൻ, ശോഭനകുമാരി, എ.ആർ. ശശിധരൻ എന്നിവർ സംസാരിച്ചു.