കൊടുങ്ങല്ലൂർ: എടവിലങ്ങിൽ കിടക്ക നിർമ്മാണ ശാലയിലെ പാഴ്‌വസ്തുക്കൾ കത്തിച്ച സംഭവത്തിൽ ഉടമയ്ക്കെതിരെ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. എടവിലങ്ങ് പി.എസ്.എൻ കവലയിലെ അമീന കോട്ടൺസ് സ്റ്റോർ എന്ന കിടക്ക നിർമ്മാണശാലയ്ക്കെതിരെയാണ് പഞ്ചായത്ത് നടപടി.

സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തുനിന്നും അരകിലോമീറ്റർ ദൂരത്തുള്ള സ്വന്തം സ്ഥലത്താണ് പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ്‌വസ്തുക്കൾക്ക് തീയിട്ടത്. ജനവാസകേന്ദ്രമായ പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി തീയും പുകയും ഉയർന്നിരുന്നു. തിങ്കളാഴ്ച രാവിലെയായതോടെ പരിസരമാകെ കനത്ത പുക നിറഞ്ഞു.

പുകയിൽ നിന്നും രക്ഷപ്പെടാൻ നാട്ടുകാരും ജനപ്രതിനിധികളും തീയണയ്ക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതേത്തുടർന്ന് കൊടുങ്ങല്ലൂർ പൊലീസിനെയും ഫയർഫോഴ്‌സിനെയും പഞ്ചായത്ത് അധികൃതരെയും അറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നും വന്ന രണ്ട് യൂണിറ്റ് ഫയർ എൻജിൻ ഒരു മണിക്കൂർ സമയമെടുത്താണ് തീ പൂർണമായും അണച്ചത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച് നാട്ടുകാർക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാക്കിയതിൽ സ്ഥാപന ഉടമസ്ഥനായ എറിയാട് മാടവന വലിയ വീട്ടിൽ ഷെർഫിനെതിരെയാണ് പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ബി. സുനിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ബിനുരാജ്, അനീഷ്, അരുൺ മോഹൻ, രമ്യത്ത്, വിഷ്ണുദാസ് എന്നിവർ ചേർന്നാണ് തീയണച്ചത്.