agosham
അരുവിപ്പുറം പ്രതിഷ്ഠയുടെ വാർഷിക ദിനത്തിൽ പി.കെ. സുധീഷ് മാസ്റ്റർ സംസാരിക്കുന്നു.

കൊടുങ്ങല്ലൂർ: 1888ൽ ഗുരു, ശിവപ്രതിഷ്ഠ നടത്തില്ലായിരുന്നുവെങ്കിൽ കേരളം നൂറ്റാണ്ടുകളോളം ചലനമറ്റു കിടക്കുമായിരുന്നുവെന്ന് മാള ഗുരുധർമ്മം ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് മാസ്റ്റർ. ഇന്നുകാണുന്ന നവോത്ഥാന കേരളത്തിന്റെ പിറവി അരുവിപ്പുറം പ്രതിഷ്ഠയാണെന്നും അദ്ദേഹം വിശദീകരിച്ചു. ശ്രീനാരായണ ദർശനവേദി നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗുരുവിന്റെയും ശിഷ്യന്മാരുടെയും മറ്റും പ്രവർത്തനഫലമായി നേടിയെടുത്ത കേരളമാതൃകയെ അട്ടിമറിക്കാൻ ചിലർ മനപൂർവം ശ്രമിക്കുന്നുണ്ട്. പിന്നാക്ക ദളിത് ജനവിഭാഗങ്ങളുടെ വളർച്ചയിലൂടെയേ കേരളമാതൃക പൂർത്തിയാകൂ. പിന്നാക്ക ദളിത് മൂവ്‌മെന്റിനെ തടയിടാൻ ശ്രമിക്കുന്നവരുടെ തന്ത്രപരമായ നീക്കത്തെ തിരിച്ചറിയാൻ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോകുന്നതാണ് കാൽകഴുകിച്ചൂട്ടിലേക്കും പൂണൂൽധാരികളായി വേഷം കെട്ടുന്നതിലേക്കും സമുദായം മാറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി.ജി. ധർമ്മൻ അദ്ധ്യക്ഷനായി. രാജീവ് നെടുകപ്പള്ളി, എൻ.ബി. അജിതൻ, പി.ജി. സുഗുണപ്രസാദ്, പി.വി. സജീവ് കുമാർ, സി.ബി. ദിനേശ് ലാൽ, സി.വി. മോഹൻകുമാർ, എൻ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു.