ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് ഐശ്വര്യ സുരേഷിന്റെ പൂന്തോട്ടത്തിൽ നിന്നും പുഷ്പം പറിക്കുന്നു.
വടക്കാഞ്ചേരി: പൂജാപുഷ്പങ്ങൾക്ക് മാത്രമായി പൂന്തോട്ടമൊരുക്കി ജീവകാരുണ്യ പ്രവർത്തകൻ. ക്ഷേത്ര ചടങ്ങുകൾക്കായി ആർക്കും സൗജന്യമായി പൂക്കൾ ശേഖരിക്കുന്നതിനായി പാർളിക്കാട് സ്വദേശി കണ്ടംപുള്ളി വീട്ടിൽ ഡോ: ഐശ്വര്യ സുരേഷാണ് സ്വന്തം സ്ഥലത്ത് പൂന്തോട്ടമൊരുക്കിയത്. ആദ്യ പൂക്കൂട ഗുരുവായൂരപ്പന് സമർപ്പിച്ചു. പൂത്തുലഞ്ഞ് നിൽക്കുന്ന പാർളിക്കാട്ടെ ക്ഷേത്ര പുഷ്‌പോദ്യാനം സന്ദർശിക്കാൻ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും എത്തി. ആദ്യ തെച്ചിപൂക്കൂട സുരേഷിൽ നിന്നും ഏറ്റുവാങ്ങി തന്ത്രി ഉദ്യാനം നാടിന് സമർപ്പിച്ചു. സുരേഷിന്റെ അമ്മ തങ്കയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. തന്ത്രിയും കൂടെയെത്തിയ സന്യാസിശ്രേഷ്ഠരും പൂജാപുഷ്പച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷൻ സദ്ഭവാനന്ദ, ചെറുശേരി വിവേകാനന്ദാശ്രമം മഠാധിപതി പുരുഷോത്തമാനന്ദ സരസ്വതി തുടങ്ങിയവരും തന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പാർളിക്കാട് വ്യാസ തപോവനം സാധു പത്മനാഭൻ, സുരേഷിന്റെ കുടുംബാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. നൂറുകണക്കിന് തെച്ചികളും ചെമ്പരത്തിയും തുളസിച്ചെടികളുമൊക്കെ ക്ഷേത്രങ്ങൾക്കായി നട്ടു നനച്ച് പരിപാലിച്ചു വരികയാണ് ഇദ്ദേഹം. കടുത്ത വേനലിലും പൂച്ചെടികളെ സംരക്ഷിക്കാൻ സ്പിംഗ്ലർ സംവിധാനം ഉപയോഗിച്ച് മണ്ണിൽ ജലാംശം ഉറപ്പു വരുത്തുന്നുമുണ്ട്. നിർദ്ധന കുടുംബങ്ങൾക്ക് കരുതലൊരുക്കിയും അശരണരെ സഹായിച്ചും മുൻപും ഐശ്വര്യ സുരേഷ് ജനശ്രദ്ധ നേടിയിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്നുള്ള അടച്ചുപൂട്ടലിൽ ഓട്ടം നിലച്ച 500 ഓട്ടോറിക്ഷാത്തൊഴിലാളികൾക്ക് 500 രൂപയുടെ ഇന്ധനം സൗജന്യമായി നൽകിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.
കൊവിഡ്കാലത്ത് പൂജാപുഷ്പങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് പൂന്തോട്ടം നിർമ്മിച്ചത്. ആവശ്യമുള്ള ആർക്കും ഇവിടെയെത്തി പൂക്കൾ ശേഖരിച്ചു മടങ്ങാം.
-ഐശ്വര്യ സുരേഷ്.