ചാലക്കുടി: കൊവിഡിന്റെ വലിയതോതിലുള്ള ഭീതി വിട്ടൊഴിഞ്ഞ സാഹചര്യത്തിൽ ശിവരാത്രി ആഘോഷം ഇത്തവണ അവിസ്മരണീയമാക്കാൻ ഒരുങ്ങിയിരിക്കയാണ് ക്ഷേത്രങ്ങൾ. കൂടപ്പുഴ ആറാട്ടുകടവിൽ ബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. പുഴയിലെ തടയണ നവീകരണ പ്രവർത്തനം മൂലം സ്ഥല പരിമിതി പ്രശ്‌നമുണ്ടെങ്കിലും കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നുണ്ട് സംഘാടകരായ എൻ.എസ്.എസ് കരയോഗം. ബലിയിടുന്നതിന് പുഴപ്പടവുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇക്കുറി പന്തൽ ഉണ്ടായിരിക്കില്ല. ബലിയിടുന്നതിന് പണവും ഈടാക്കില്ല. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന പിതൃതർപ്പണം ബുധനാഴ്ച രാവിലെ വരെയുണ്ടാകും. വൈകീട്ട് മുതൽ കലാ പരിപാടികളുമുണ്ടാകും. ഉച്ചയ്ക്ക് അന്നദാനവും നടത്തും. പുഴയും ക്ഷേത്ര പരിസരവും ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ചു. ബലി തർപ്പണത്തിനെത്തുന്നവവർക്ക് പുഴയിൽ ആവശ്യത്തിന് വെള്ളം ഉറപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.ബിജു ചിറയത്ത്, എം.എം. അനിൽകുമാർ എന്നിവരുമുണ്ടായിരുന്നു. കരയോഗം പ്രസിഡന്റ് പ്രകാശ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. നന്ദകുമാർ എന്നിവർ എം.എൽ.എയെ സ്വീകരിച്ചു.
മോതിരക്കണ്ണി മണ്ണുംപുറം മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും മൃത്യുഞ്ജയഹോമം, നവകപഞ്ചഗവ്യ കലശാഭിഷേകം, 108 കുടം ധാര, അന്നദാനം, ഭഗവതിസേവ, ഹുണ്ടിക സമർപ്പണം, ദീപക്കാഴ്ച തുടങ്ങിയ ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കും. ദക്ഷിണാമൂർത്തി സന്നിധിയിൽ രാവിലെ 8.30ന് വിദ്യാഗോപാല മന്ത്രാർച്ചന നടക്കും. വൈകീട്ട് 7.30 മുതൽ വിവിധ കലാപരിപാടികൾ ക്ഷേത്ര മണ്ഡപത്തിൽ അരങ്ങേറും. മാർച്ച് 2 ന് പുലർച്ചെ 12.30 മുതൽ ആറാട്ടുകടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാരണത്ത് ശ്രീധരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
ചാലക്കുടി ഗായത്രി ആശ്രമത്തിൽ മഹാശിവരാത്രി ചടങ്ങുകൾക്ക് രാവിലെ മുതൽ തുടക്കമാകും. ശിവ പഞ്ചാക്ഷരി അഖണ്ഡനാമപജ യജ്ഞം, ശിവപൂജ എന്നിവ നടക്കും. രാവിലെ 10ന് ശിവരാത്രി ശിവരാത്രി മഹാത്മ്യവും അരുവിപ്പുറം പ്രതിഷ്ഠയും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നടക്കും. ഗുരുദർശന രഘന പ്രഭാഷണം നടത്തും. ബുധനാഴ്ച രാവിലെ 6 മുതൽ ബലിതർപ്പണം, പിതൃ നമസ്‌കാരം, ഗുരുപൂജ എന്നിവ നടക്കും. ചേർത്തല മോഹനൻ തന്ത്രികൾ നേതൃത്വം നൽകും. ഭക്തജനങ്ങൾ കൃത്യസമയത്ത് എത്തണമെന്ന് ആശ്രമം അദ്ധ്യക്ഷൻ സ്വാമി സച്ചിദാനന്ദ അറിയിച്ചു.