കൊടുങ്ങല്ലൂർ: എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി 'അക്കാഡമിക് എക്‌സലൻസ് അവാർഡ് ' വിതരണം ഇന്ന് നടക്കും. എറിയാട് മണപ്പാട്ട് ഫൗണ്ടേഷനും ജി.കെ.വി.എച്ച്.എസ് സ്‌കൂൾ അലുമ്നി അസോസിയേഷനും സംയുക്തമായാണ് അവാർഡുകൾ നൽകുന്നത്.

വൈകീട്ട് മൂന്നിന് എറിയാട് കോസ്‌മോപോളിറ്റൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഒമാനിലെ കാർഡിയോളജി സീനിയർ കൺസൽട്ടന്റ് പ്രൊഫസർ ഡോ. മെഹറലി മുഖ്യാതിഥിയാകും. വിരമിക്കുന്ന അദ്ധ്യാപകരായ മുരളീധരൻ പി.ടി (എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്), കലാകുമാർ എം.ആർ (എച്ച്.എസ്.ടി മലയാളം), സതി വി.വി (എച്ച്.എസ്.ടി മാത്തമാറ്റിക്‌സ്), കദിജാബി പി.എം (പി.ഡി ടീച്ചർ) എന്നിവർക്കുള്ള യാത്രഅയപ്പും ചടങ്ങിൽ നടക്കും.