 
ചാലക്കുടി: ഓരോ പുഴയുടേയും പൂർണ ചുമതല ഒരു എൻജിനീയർക്ക് നൽകി സംസ്ഥാനത്തെ പുഴകളെ ആപാദചൂഡം സംരക്ഷിക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചതായി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം സംഘടിപ്പിച്ച ചാലക്കുടിപ്പുഴയ്‌ക്കൊരു റിവർ ആക്ഷൻ പ്ലാൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 44 പുഴകളേയും സംബന്ധിച്ച് ആധികാരിക പഠനം നടന്നിട്ട് നാൽപത് വർഷമായി. പുഴകളുടെ രൂപവും ഭാവവും ആദ്യകാലത്തേതല്ല. ഓരോ പുഴയ്ക്കും അനയോജ്യമായ സംരക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നത്. ചാലക്കുടിപ്പുഴയെ സംരക്ഷിക്കുന്നതിന് വിപുലമായ പദ്ധതി ആവിഷ്‌കരിക്കണം. ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചർച്ച സംഘടിപ്പിക്കും. അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബെന്നി ബെഹ്നാൻ എം.പി അദ്ധ്യക്ഷനായി. ഫോറം പ്രസിഡന്റ് എസ്.പി. രവി വിഷയം അവതരിപ്പിച്ചു. എം.എൽ.എമാരായ ടി.ജെ. സനീഷ്‌കുമാർ, റോജി.എം.ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മായാ ശിവദാസൻ, അമ്പിളി സോമൻ, എം.എസ്. സുനിത, കെ.കെ. റിജേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.