mandhri
കെ.കെ.ടി.എം ഗവ. കോളജിൽ റുസോ നിർമ്മിതികളുടെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവ്വഹിക്കുന്നു.

കൊടുങ്ങല്ലൂർ: വിദ്യാർത്ഥികേന്ദ്രിതമായ പുതിയ അദ്ധ്യയന രീതികളെ സ്വാംശീകരിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ആധുനിക സൗകര്യമുള്ള ഡിജിറ്റൽ ലൈബ്രറികളും ജേണൽ കൺസോർഷ്യവും മറ്റും നമ്മുടെ കലാലയങ്ങളെ അടിമുടി നവീകരിക്കുകയും നവവൈജ്ഞാനിക ലോകം വിഭാവനം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റൂസ പദ്ധതിയുടെ കീഴിൽ കെ.കെ.ടി.എം. ഗവ. കോളജിൽ 68 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടു കോടിയിൽപരം രൂപയുടെ നിർമ്മാണ നവീകരണ പ്രവർത്തനങ്ങളാണ് കെ.കെ.ടി.എം. ഗവ. കോളജിൽ പൂർത്തിയാകുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.എ. നെസി സ്വാഗതം പറഞ്ഞു.

മുൻസിപ്പൽ ചെയർപേഴ്‌സൺ എം.യു. ഷിനിജ, റൂസ കോ- ഓർഡിനേറ്റർ ഡോ. കെ.കെ. മുഹമ്മദ് ബഷീർ, അലുമ്നി പ്രസിഡന്റ് സാബു ഈരേഴത്ത് , പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. ജോഷി, വിദ്യാർത്ഥി പ്രതിനിധി സൽമാൻ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ജനപ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്തു.