
ഗാർഡ് തസ്തിക പരിഷ്‌കരിച്ചു
തിരുവനന്തപുരം: ഓടും ട്രെയിനുകളിലെ സർവാധികാരികൾ എന്നറിയപ്പെട്ടിരുന്ന ഗാർഡ് തസ്തിക ഇനി മാനേജർക്ക് വഴിമാറും. ജനുവരി പതിമ്മൂന്നിന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം അത് റിവിഷൻ ഒഫ് ഡെസിഗ്നേഷൻ സർക്കുലറിലായി എല്ലാ സോണൽ, ഡിവിഷൻ ഒാഫീസുകളിലുമെത്തി. എന്നാൽ ഇവരുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റമുണ്ടാവില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
ഗാർഡ് എന്ന പേര് കാവൽക്കാരനെ മാത്രം സൂചിപ്പിക്കുന്നതാണെന്ന പരാതിയെ തുടർന്നാണ് അതിനെ ട്രെയിൻ മാനേജർ എന്ന് പരിഷ്കരിച്ചത്. റെയിൽവേ ജീവനക്കാരുടെ സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചകൾക്കും വിശദീകരണത്തിനും ശേഷമാണ് റെയിൽവേ ബോർഡ് പേരുമാറ്റത്തിന് പച്ചക്കൊടി വീശിയത്.
റെയിൽവേ ഗാർഡ്
ട്രെയിനുകൾക്ക് പിന്നിൽ വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് കൈയിൽ പച്ചയും ചുവപ്പും കൊടികളും വിസിലുമായി നിൽക്കുന്ന റെയിൽവേ ഗാർഡ് തസ്തിക ബ്രിട്ടീഷുകാണ് ഏർപ്പെടുത്തിയത്. ഗതാഗതനിയന്ത്രണങ്ങൾ മാനുവലാകുന്ന കാലത്ത് ഗാർഡുമാർ സർവാധികാര പദവിയായിരുന്നു. എന്നാൽ സിഗ്നൽ സംവിധാനങ്ങൾ ഒാട്ടോമാറ്റിക്കായതോടെ ഗാർഡുകൾ ആലങ്കാരിക പദവിയായി. 2003ൽ ഇന്ത്യൻ റെയിൽവേ 150 വർഷം ആഘോഷിച്ചപ്പോൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിലും ട്രെയിൻ ഗാർഡിന്റെ ചിത്രമായിരുന്നു.
മാറുന്ന മറ്റ് തസ്തികകൾ
പഴയത്.............പുതിയത്
അസിസ്റ്റന്റ് ഗാർഡ് - അസിസ്റ്റന്റ് പാസഞ്ചർ ട്രെയിൻ മാനേജർ
ഗുഡ്സ് ഗാർഡ് - ഗുഡ്സ് ട്രെയിൻ മാനേജർ
സീനിയർ ഗുഡ്സ് ഗാർഡ് - സീനിയർ ഗുഡ്സ് ട്രെയിൻ മാനേജർ
സീനിയർ പാസഞ്ചർ ഗാർഡ് – സീനിയർ പാസഞ്ചർ ട്രെയിൻ മാനേജർ
മെയിൽ /എക്‌സ്‌പ്രസ് ഗാർഡ് – മെയിൽ / എക്‌സ്‌പ്രസ് ട്രെയിൻ മാനേജർ