
വിതുര: മൂന്ന് പ്രധാന ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേമല വലിയവേങ്കാട്– ഉരുളുകുന്ന്- മീനാങ്കൽ റോഡ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായി മാറി. നിലവിൽ റോഡിലൂടെയുള്ള യാത്ര അതിദുഷ്ക്കരമാണ്. അനവധി അപകടങ്ങളാണ് അടുത്തിടെ ഈ റോഡിൽ ഉണ്ടായത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ബൈക്കുകൾ മറിഞ്ഞ് നിരവധി യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. തൊളിക്കോട്, ആര്യനാട്, വിതുര ഗ്രാമപഞ്ചായത്തുകളെയാണു റോഡ് ബന്ധിപ്പിക്കുന്നത്. ഈ റോഡിലൂടെയുള്ള യാത്രാദുരിത പൂർണമായിട്ട് വർഷം രണ്ടായി. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനറോഡുകൂടിയാണിത്. മാത്രമല്ല നിരവധി സ്കൂൾവാഹനങ്ങളും റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.
പൊന്മുടി -തിരുവനന്തപുരം സംസ്ഥാന ഹൈവേയിൽ തൊളിക്കോട് തോട്ടുമുക്കിൽ നിന്നും തിരിയുന്ന മേമല റോഡിലെ വലിയവേങ്കാട് നിന്നും ആരംഭിക്കുന്ന റോഡ് നൂറ് കണക്കിനു പേർ ദിവസവും ആശ്രയിക്കുന്നു. റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി പ്രാവശ്യം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആര്യനാട്,വിതുര പഞ്ചായത്ത് ഭരണസമിതികൾ അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആര്യനാട്, വിതുര പഞ്ചായത്ത് പടിക്കൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
അപകടങ്ങൾക്ക് കാരണങ്ങൾ ഏറെ
1.ഈ റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി. ഇതുകാരണം റോഡ് നിറയെ കുണ്ടും കുഴിയുമാണ്
2.റോഡിലെ ടാറിംഗ് ഇളകി ചല്ലി റോഡിലാകെ അപകടകരമായി നിലയിൽ ഇളകിക്കിടക്കുകയാണ്
3. റോഡിൽ മിക്ക ഭാഹവും കയറ്റിറക്കങ്ങൾ ഉള്ളതും അപകടാവസ്ഥ കൂട്ടുന്നു.
4. മഴ കനത്താൽ റോഡിലെ കുഴികളിൽ വെള്ളം നിറയും. പിന്നെ കുഴികളുടെ താഴ്ച അറിയാതെയാകും
5. റോഡ് കൈയേറ്റവും വ്യാപകമായതോടെ പല സ്ഥലത്തും റോഡിന് മതിയായ വീതിയില്ല
മഴ കനത്താൽ റോഡിലെ കുഴികളിൽ വെള്ളം നിറയും. ഓട സംവിധാനമില്ലാത്തതും അശാസ്ത്രീയമായ നിർമാണവുമാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു. മാത്രമല്ല മിക്ക ഭാഗത്തും റോഡിന് വേണ്ടത്ര വീതിയില്ല. എന്നാൽ റോഡ് ഗതാഗതയോഗ്യമാക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
വാഗ്ദാനം മാത്രം
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി അനവധി തവണ ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഫണ്ട് അനുവദിക്കാമെന്ന് പ്രഖ്യാപനം നടത്താറുണ്ടെങ്കിലും വാഗ്ദാനം കടലാസിലൊതുങ്ങുകയാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് വേളയിലും വോട്ട് തേടിയെത്തിയ രാഷ്ട്രീയക്കാർക്ക് മുന്നിൽ നാട്ടുകാർ റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. വിജയിപ്പിച്ചാൽ ശരിയാക്കിത്തരാമെന്ന വാഗ്ദാനം മാത്രമാണ് ലഭിച്ചത്.