
വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും തള്ളച്ചിറയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി മാറി. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്ക്കരമാണ്. സൂക്ഷിച്ചില്ലെങ്കിൽ റോഡിന്റെ വശത്തുള്ള തോട്ടിൽ വീഴും. റോഡിന് വേണ്ടത്ര വീതിയുമില്ല. അനവധി അപകടങ്ങളാണ് തള്ളച്ചിറ റോഡിൽ നടന്നത്. അടുത്തിടെ ഒരാൾ ബൈക്കപകടത്തെ തുടർന്ന് തോട്ടിൽ വീണ് മരണപ്പെടുകയും ചെയ്തു. അനവധി തവണ ബൈക്കുകൾ തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. റോഡിന് വേണ്ടത്ര റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സമരങ്ങൾ അരങ്ങേറിയിട്ടുണ്ട്. നിവേദനങ്ങൾ നൽകിയതിന് എണ്ണമില്ല. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി പ്രാവശ്യം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേമല, തള്ളച്ചിറ, മുളയ്ക്കോട്ടുകര എന്നീ മൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ തകർച്ച പൊതുജനങ്ങൾക്ക് വല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദിവസേന നൂറ് കണക്കിനു ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. കലുങ്ക് ജംഗ്ഷനിൽ നിന്ന് എളുപ്പത്തിൽ തള്ളച്ചിറ റോഡിലേക്ക് എത്താനും മുളയ്ക്കോട്ടുകര, തള്ളച്ചിറ, മൈലക്കോണം, കാവുവിള, മേമല, എലിക്കോണം ഭാഗത്തുള്ളവർക്കു കലുങ്ക് ജംഗ്ഷനിൽ വരാതെ പൊന്മുടി സംസ്ഥാന ഹൈവേയിലേക്ക് പ്രവേശിക്കാനും സഹായിക്കുന്ന പ്രധാന റോഡാണിത്. അടിയന്തരമായി റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. സത്വര നടപടികൾ കൈക്കാണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
തകർന്നടിഞ്ഞ് റോഡ്
ഒരു കിലോമീറ്ററോളം ദൂരത്തിലാണ് റോഡ് തകർന്നുകിടക്കുന്നത്. റോഡിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണ്. കുത്തിറക്കവും കയറ്റവും ഉള്ളതിനാൽ റോഡ് തകർന്നു കിടക്കുന്നതു നല്ല രീതിയിൽ തന്നെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. റോഡ് തകർന്നപ്പോൾചില ഭാഗങ്ങളിൽ നാട്ടുകാർ കുഴികളിൽ മണ്ണിട്ട് നികത്തിയിട്ടുണ്ടെങ്കിലും യാത്ര സുഗമമാകുന്നില്ല. മഴ പെയ്താൽ യാത്ര കൂടുതൽ ദുഷ്കരമാകുന്നു. നിലവിൽ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്.
കടലാസിലൊതുങ്ങി നവീകരണം
ഇടക്ക് റോഡ് ഗതാഗതയോഗ്യമാക്കുവാൻ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം കടലാസിൽ ഉറങ്ങുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിലും, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും വോട്ട് തേടിയെത്തിയ രാഷ്ട്രീയക്കാർക്ക് മുന്നിൽ നാട്ടുകാർ റോഡ് പ്രശ്നം ഉന്നയിച്ചിരുന്നു. വിജയിപ്പിച്ചാൽ ശരിയാക്കിത്തരാമെന്ന പ്രഖ്യാപനം മാത്രമാണ് നടന്നത്.