samskarika-nilayam

കല്ലമ്പലം: ഞെക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ജനതാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംരക്ഷണമില്ലാതെ നശിക്കുന്നു. ഞെക്കാട്, ചേന്നൻകോട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് സാംസ്ക്കാരിക വെളിച്ചം പകരാനായി 1950 ൽ അദ്ധ്യാപകനായ നാണുവിന്റെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മയിൽ ആരംഭിച്ചതാണ് ഈ ഗ്രന്ഥശാല. സംഭാവനയായി ശേഖരിച്ച പുസ്തകങ്ങളുമായി കടമുറികളിലും വീടുകളുടെ വരാന്തകളിലുമാണ് സ്ഥാപനം തുടക്കത്തിൽ പ്രവർത്തിച്ചത്. ബാലാരിഷ്ടതകൾ പിന്നിട്ട് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ നേടി. ആസ്ഥാനമില്ലാത്തതാണ് ആദ്യകാലത്ത് പ്രവർത്തനത്തിന് തടസ്സമായത്. പഞ്ചായത്തംഗവും അദ്ധ്യാപകനുമായിരുന്ന ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തിലുള്ള ജനകീയസമിതി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് ചേന്നൻകോട് ജംഗ്ഷന്‍ സമീപം കല്ലമ്പലം - വർക്കല റോഡിനോട് ചേർന്ന് രണ്ടര സെന്റ്‌ സ്ഥലം വാങ്ങി. അവിടെ കെട്ടിട നിർമ്മാണത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ഗ്രന്ഥശാല ഒറ്റൂർ പഞ്ചായത്തിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെ ഗ്രന്ഥശാല പഞ്ചായത്ത് ഏറ്റെടുക്കുകയും പഞ്ചായത്ത് സാംസ്ക്കാരിക നിലയമാക്കി മാറ്റുകയും ചെയ്തു. പഞ്ചായത്ത് തന്നെ കെട്ടിടം നിർമ്മിക്കുകയും ലൈബ്രറിയും വായനശാലയും ആ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. അധികനാൾ കഴിയുംമുമ്പ് ഗ്രന്ഥശാലയുടെ പ്രവർത്തനം നിലച്ചു.

ചിതലെടുത്ത് പുസ്തകങ്ങൾ

കെട്ടിടത്തിന്റെ പ്രവർത്തനം നിലച്ചതോടെ കാടുകയറി ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറി. ശരിയായ പുസ്തക വിതരണവും രജിസ്റ്ററുകളും ഇല്ലാത്തതിനാൽ ഗ്രന്ഥശാലയുടെ അഫിലിയേഷൻ നഷ്ടമായി. ഏറെക്കാലം ഈ ഗ്രന്ഥശാല അനാഥമായി പഞ്ചായത്തിന് അപമാനമായി നിലകൊണ്ടു. ഒടുവിൽ 2017 -ൽ അക്ഷര സ്നേഹികളായ കുറെപ്പേരുടെ ശ്രമഫലമായി പഞ്ചായത്ത് അധികാരികൾ ഉണരുകയും കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി സാംസ്ക്കാരിക നിലയം വീണ്ടും പ്രവർത്തനം തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും 5000ത്തോളം വരുന്ന പുസ്തകങ്ങൾ അധികവും ചിതലെടുത്ത് നശിച്ചുപോയിരുന്നു.

ആരും തിരിഞ്ഞുനോക്കാതെ

ലൈബ്രേറിയനെ നിയമിക്കാനോ പ്രവർത്തനം മെച്ചപ്പെടുത്താനോ പഞ്ചായത്ത് കൂട്ടാക്കിയില്ല. കഷ്ടിച്ച് ഒരുവർഷം നാട്ടുകാരുടെ സഹകരണത്തോടെ ചില പ്രവർത്തനങ്ങൾ നടന്നതല്ലാതെ സാംസ്ക്കാരിക നിലയത്തിനായി പഞ്ചായത്ത് ഒന്നും ചെയ്തില്ല. കഴിഞ്ഞ മൂന്നു വർഷമായി സ്ഥാപനം അവഗണനയിലാണ്. സ്ഥിരമായി താഴുവീണ സ്ഥാപനം ഇപ്പോൾ മദ്യപരുടെ താവളമാണ്. ഒറ്റൂർ പഞ്ചായത്തിന് കീഴിൽ മികച്ച സാംസ്ക്കാരിക നിലയവും അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവുമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്‌ അധികാരികളുടെ അവഗണനയും കെടുകാര്യസ്ഥതയും മൂലം ഇല്ലാതാകുന്നത്.