
കടയ്ക്കാവൂർ: ഗുരുവിഹാർ റോഡ് തകർന്ന് യാത്രക്കാർ ദുരിതത്തിലായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. പഞ്ചായത്ത് അധീനതയിലുള്ള ഈ റോഡ് തകർന്നിട്ട് വർഷങ്ങളെറെയായി. ഗുരുദേവൻ തപസിരുന്ന ഗുരുവിഹാറിലേക്കുള്ള റോഡാണിത്. ധാരാളം ഗുരുഭക്തരും മറ്റ് സന്ദർശകരും കാൽനടയായും വാഹനങ്ങളിലും ഈ റോഡിലൂടെയാണ് ഗുരുവിഹാറിലെത്തുന്നത്.
ടാറിളകി വൻ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്. മണ്ണാത്തിമൂല പാൽ സൊസൈറ്റിയിലേക്ക് പോകാനും നല്ലൊരു വിഭാഗം യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരു ഫലവും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.