കിളിമാനൂർ: വന്യമൃഗങ്ങളുടെ ശല്യം കാരണം ഭീതിയിലായി പ്രദേശവാസികൾ. പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമൺ, കൊപ്പം, മുതുകുറിഞ്ഞി, ആറ്റൂർ പ്രദേശത്താണ് പന്നിശല്യം രൂക്ഷമാകുന്നത്.

പ്രദേശത്ത് നിരവധി പേർ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഒടുവിൽ കഴിഞ്ഞ ദിവസം അടയമൺ വയ്യാറ്റിൻകര വെള്ളാരം കുന്നുവീട്ടിൽ അരുൺ ചിന്തു, ഭാര്യ അഖില, മകൾ ഐദിക എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി ആക്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇവർ ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണ്.

മാസങ്ങൾക്ക് മുൻപ് മുതുകുറിഞ്ഞി കുന്നിൽ വീട്ടിൽ സുരേന്ദ്രനാശാരിയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഇദ്ദേഹം വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് പന്നിയുടെ ആക്രമണം. ആക്രമണത്തിൽ കാലിനും വയറിനുമൊക്കെ പരിക്കേറ്റ ഇദ്ദേഹം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

നേരത്തെ പ്രദേശത്തെ നിസാറിനെയും,വീട്ടമ്മയായ ലത്തീഫയെയും കാട്ടുപന്നി ആക്രമിച്ചിരുന്നു.

മാസങ്ങൾക്ക് മുൻപ് അടയമൺ പറമ്പുകണ്ടത്തിൽ വീട്ടിൽ നിലമേൽ വില്ലേജ് ഓഫീസറായ നിതിൻ കൈലാസ് സഞ്ചരിച്ചിരുന്ന ബൈക്ക് പന്നികൾ ആക്രമിച്ച് നിതിന് ഗുരുതര പരിക്കേറ്റിരുന്നു. ആർ.സി.സിയിൽ ചികിത്സയ്ക്കായി പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നുവന്ന വീട്ടമ്മയെ പന്നി ആക്രമിച്ച് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

മുൻപ് രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങിയിരുന്ന പന്നികൾ ഇപ്പോൾ പകൽ സമയങ്ങളിലും സജീവമാണ്.

ഒരു വിളയും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകരും. പണയം വച്ചും, ലോണെടുത്തുമൊക്കെയാണ് കർഷകർ കൃഷിയിറക്കിയത്. വയലുകളിലെ വരമ്പുകൾ ഉൾപ്പെടെയാണ് ഇവ കുത്തി നശിപ്പിക്കുന്നത്.